ലോക് സഭ
ലോക് സഭ

പദവികളിലും വകുപ്പുകളിലും കണ്ണുവച്ച് എൻഡിഎ ഘടകകക്ഷികൾ

ലോക്സഭാ സ്പീക്കർ സ്ഥാനം ടിഡിപി ആവശ്യപ്പെട്ടേക്കും

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിനുള്ള നീക്കങ്ങൾ തുടങ്ങിയതിനു പിന്നാലെ പ്രധാന പദവികളിലും വകുപ്പുകളിലും കണ്ണുവച്ച് എൻഡിഎ ഘടകകക്ഷികൾ. സഖ്യത്തിലെ സുപ്രധാന കക്ഷികളായ തെലുഗുദേശവും ഐക്യ ജനതാദളും (ജെഡിയു) ലോക്സഭാ സ്പീക്കറുടേതുൾപ്പെടെ നിർണായക പദവികൾ ആവശ്യപ്പെട്ടേക്കുമെന്നാണു സൂചന. തനിച്ചു ഭൂരിപക്ഷമില്ലാത്തതിനാൽ ഇത്തവണ ബിജെപിക്കു ഘടകകക്ഷികളുടെ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വരും. 2014ലും 2019ലും അധികാരത്തിലെത്തിയപ്പോൾ വലിയ ഘടകകക്ഷികൾക്ക് ഓരോ ക്യാബിനറ്റ് മന്ത്രിമാരെന്നതായിരുന്നു മോദി സ്വീകരിച്ച മാനദണ്ഡം. ഒരു എംപി മാത്രമുള്ളവരെ കാര്യമായി പരിഗണിച്ചതുമില്ല. 2019ൽ ഒരു ക്യാബിനറ്റ് മന്ത്രിയെന്ന മാനദണ്ഡത്തിൽ ജെഡിയുവും ശിവസേനയും പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. ജെഡിയു മന്ത്രിസ്ഥാനം നിരസിക്കുകയും ചെയ്തു.

ഇത്തവണ ധനം, റോഡ് ഗതാഗതം, ഗ്രാമവികസനം, ജൽശക്തി, ഭവനം- നഗരകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നതെന്നാണു റിപ്പോർട്ട്. കൃഷി വകുപ്പ് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി.

എ.ബി. വാജ്പേയി സർക്കാരിന്‍റെ കാലത്ത് ടിഡിപിയുടെ ജി.എം.സി. ബാലയോഗിയായിരുന്നു സ്പീക്കർ. ഈ പാരമ്പര്യം തുടർന്ന് സ്പീക്കർ പദവി നൽകണമെന്ന് ടിഡിപി ആവശ്യപ്പെട്ടേക്കും. സ്പീക്കർ സ്ഥാനത്തിൽ ജെഡിയുവും നോട്ടമിട്ടിട്ടുണ്ട്. ഭാവിയിൽ പാർട്ടി പിളരുന്നതുൾപ്പെടെ സാഹചര്യങ്ങളിൽ സ്പീക്കറുടെ തീരുമാനമാകും നിർണായകം. ഇതു മുന്നിൽക്കണ്ടാണ് സ്പീക്കർ സ്ഥാനത്തിനു വേണ്ടിയുള്ള നീക്കം. എന്നാൽ, ആഭ്യന്തരവും ധനവും പ്രതിരോധവുമടക്കം സുപ്രധാന വകുപ്പുകളിൽ വിട്ടുവീഴ്ചയ്ക്കു ബിജെപി തയാറായേക്കില്ല.

ഇതിനു പുറമേ വാജ്പേയി സർക്കാരിന്‍റെ കാലത്തേതുപോലുള്ള പൊതുമിനിമം പരിപാടിക്കു വേണ്ടിയും ഘടകക്ഷികൾ സമ്മർദം ചെലുത്തിയേക്കും. ബിഹാറിൽ ആർജെഡിക്കൊപ്പം ഭരണത്തിലിരുന്നപ്പോൾ ജാതി സെൻസസ് നടത്തിയിരുന്നു ജെഡിയു. ബിജെപി ഇതിന് എതിരാണെങ്കിലും കേന്ദ്രത്തിൽ ഈ ആവശ്യം ഉന്നയിക്കാനും ജെഡിയു ആലോചിക്കുന്നുണ്ട്.