

നീറ്റ് ചോദ്യപേപ്പർ ചോർച്ച
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പുതിയ വെളിപ്പെടുത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന എൻടിഎയുടെ പാനലിൽ ഉള്ള വ്യക്തിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയ്ക്കാണ് കോച്ചിങ് സെന്‍റർ ഉടമ ചോദ്യപേപ്പറുകൾ വാങ്ങിയതെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു.
എൻടിഎയുടെ പാനലിൽ ഉള്ള പി.വി. കുൽക്കർണിയിൽ നിന്നാണ് ലാത്തൂരിലെ കോച്ചിങ് സെന്‍റർ ഉടമയായ ശിവരാജ് രഘുനാഥ് മൊട്ടെഗാവോങ്കർ പണം നൽകി ചോദ്യപേപ്പർ വാങ്ങിയത്. കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇത്തരത്തിൽ വാങ്ങിയത്. ശിവരാജിന്‍റെ മകൻ കുൽക്കർണിയുടെ കോച്ചിങ് ക്ലാസിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചോദ്യപേപ്പറുകൾ കൈമാറിയത്. കേസിൽ ശിവരാജിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച ഹർജിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കുൽക്കർണിയിൽ നിന്ന് ലഭിച്ച ചോദ്യപേപ്പറുകൾ ശിവരാജ് സ്വന്തം കൈപ്പടയിൽ പകർത്തി എഴുതി. കൈപ്പടയിൽ എഴുതിയ 132 ചോദ്യങ്ങളുടെ 36 ചിത്രങ്ങൾ ശിവരാജിന്‍റെ മൊബൈൽ ഫോണിൽ നിന്ന് സിബിഐ കണ്ടെടുത്തിരുന്നു. 2026 നീറ്റ് യുജി പരീക്ഷയ്ക്കായി തയ്യാറാക്കിയ ഒറിജിനൽ ചോദ്യങ്ങളുമായി സാമ്യമുള്ളതാണ് ഇതിലെ 111 ചോദ്യങ്ങളെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പേരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. നിലവിൽ ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.