നീറ്റ് ചോദ്യപേപ്പർ ചോർച്ച; രണ്ടു പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ജൂലൈ 11 വരെയാണ് നീട്ടിയത്
NEET question paper leak

നീറ്റ് ചോദ്യപേപ്പർ ചോർച്ച

Updated on

ന്യൂഡൽഹി; നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി. സൂത്രധാരനും കോച്ചിങ് സെന്‍റർ ഉടമയുമായ ശിവരാജ് രഘുനാഥ് മണ്ഡോദ്കർ, അധ്യാപകനായ പി.വി. കുൽക്കർണി എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയാണ് ജൂലൈ 11 വരെ നീട്ടിയത്.

പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. വർഷങ്ങായി നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ അംഗമാണ് മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ കുൽക്കർണി. കഴിഞ്ഞമാസം പുനെയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. മേയിൽ ലാത്തൂരിൽ നിന്നാണ് മണ്ഡോദ്കറിനെ അറസ്റ്റു ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പിടിച്ചെടുത്തിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ ഇയാളാണെന്നാണ് സിബിഐ പറയുന്നത്.

കേസിൽ 13 പേരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. നിലവിൽ ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. മേയ് മൂന്നിനാണ് നീറ്റ്-യുജി പരീക്ഷ നടന്നത്. എന്നാൽ ചോദ്യപേപ്പർ ചോർന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് മേയ് 12ന് പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com