വിദ്യാർഥി പ്രക്ഷോഭത്തിലെ വെടിവയ്പ്പ്: അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

വ്യാഴാഴ്ച ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്
Supreme Court directs Centre to maintain records of RAF ammunition usage.

ആർഎഎഫിന്‍റെ വെടിയുണ്ട ഉപയോഗ രേഖ സൂക്ഷിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹി‍യിലെ ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ മെറ്റാലിക് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ഹർജിയിൽ റാപിഡ് ആക്ഷൻ ഫോഴ്‌സിന്‍റെ (ആർഎഎഫ്) വെടിക്കോപ്പുകൾ ഉപയോഗിച്ചതിന്‍റെ രേഖ (അമ്യൂണിഷൻ ലോഗ്) സൂക്ഷിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. വ്യാഴാഴ്ച ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റിന്‍റെ (ബിപിആർഡി) മാർഗനിർദേശപ്രകാരം അസാധാരണ സാഹചര്യങ്ങളിൽ പൊലീസിന് പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അധികാരമുള്ളതിനാൽ, ഇത്തരം ആയുധങ്ങളുടെ ഉപയോഗം പൂർണമായും നിരോധിക്കണമെന്ന ഹർജിയിലെ ആവശ്യം വ്യക്തതയില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. പെല്ലറ്റ് ഗൺ വെടിവയ്പ്പിൽ പരിക്കേറ്റ പ്രശാന്ത് കുമാർ, ഷെയ്ഖ് ഇർഷാദ് മൻസൂരി എന്നിവർക്കും മറ്റ് പരിക്കേറ്റവർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

മുൻ കേന്ദ്ര വിവരാവകാശ കമ്മിഷണറും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ യശോവർധൻ ആസാദും പരിക്കേറ്റ ഇരുവരും ചേർന്നാണ് നിയമ-സമാധാന സാഹചര്യങ്ങൾ നിയന്ത്രിക്കാൻ മെറ്റാലിക് പെല്ലറ്റ് ഗണുകൾ ഉപയോഗിക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. പൊലീസ് ചട്ടങ്ങൾ ചോദ്യം ചെയ്യാതെയാണ് പെല്ലറ്റ് ഗൺ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ, ഇത്തരം ചട്ടങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമല്ലെന്നും അവ കോടതിയിൽ ഹാജരാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.

ജൂലൈ 20ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പാർലമെന്‍റ് മാർച്ചിനിടെയാണ് പ്രശാന്ത് കുമാറിനും ഷെയ്ഖ് ഇർഷാദ് മൻസൂരിക്കുമാണ് പെല്ലറ്റ് വെടിയേറ്റ് പരുക്കേറ്റത്.

logo
Metro Vaartha
www.metrovaartha.com