ഭാര്യ രാഷ്ട്രീയനേതാവ്, മകൻ ജയിലിൽ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ സഞ്ജീവ് മുഖ്യ?

ഇതാദ്യമായല്ല സഞ്ജീവ് മുഖ്യയും സംഘവും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാകുന്നത്.
സഞ്ജീവ് മുഖ്യ
സഞ്ജീവ് മുഖ്യ

പറ്റ്ന: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ ഇതു വരെ നാല് വിദ്യാർഥികൾ അടക്കം 13 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ ആരാണ് ഈ കുറ്റകൃത്യത്തിന്‍റെ പ്രധാന സൂത്രധാരൻ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇനിയുമായിട്ടില്ല. പക്ഷേ ഇതു വരെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നുമുള്ള തെളിവുകൾ വിരൽ ചൂണ്ടുന്നത് സഞ്ജീവ് മുഖ്യ റാക്കറ്റിലേക്കാണ്. കേസും സഞ്ജീവ് മുഖ്യയുമായുള്ള കണ്ണികളെക്കുറിച്ച് തുറന്നു പറയാൻ ഇനിയും ബിഹാർ പൊലീസ് തയാറായിട്ടില്ല. പക്ഷേ തെളിവുകൾ വിരൽ ചൂണ്ടുന്നത് മുഖ്യയിലേക്ക് തന്നെ.

‌ബിഹാറില നളന്ത ജില്ലയിൽ നഗർസോന സ്വദേശിയാണ് മുഖ്യ. ആദ്യം സേബറില അഗ്രികൾച്ചർ കോളെജിലായിരുന്നു മുഖ്യയ്ക്ക് ജോലി. പിന്നീട് ചോദ്യപേപ്പർ ചോർച്ച ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് നൂർസറായിയിലെ നളന്ത കോളെജിലെ ടെക്നിക്കൽ അസിസ്റ്റന്‍റായി സ്ഥലം മാറ്റം ലഭിച്ചു. ഈ കേസിൽ 2016ൽ ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

സഞ്ജീവ് സിങ് എന്നാണ് ഇയാളുടെ യഥാർഥ പേര്. ഭാര്യ മമതാ ദേവി ഭൂതഖർ പഞ്ചായത്തിലെ മുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സഞ്ജീവിന്‍റെ പേരിനൊപ്പവും മുഖ്യ ഇടം പിടിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ ഹർനോട്ട് സീറ്റിൽ നിന്ന് ലോക് ജൻ ശക്തി പാർട്ടി സ്ഥാനാർഥിയായി മംമ്ത മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതാദ്യമായല്ല സഞ്ജീവ് മുഖ്യയും സംഘവും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാകുന്നത്. സഞ്ജീവിന്‍റ മകനും ഈ രംഗത്ത് വിദഗ്ധനാണ്. ഡോക്റ്ററാണെങ്കിൽ പോലും ബിഹാർ അധ്യാപക റിക്രൂട്മെന്‍റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിൽ സഞ്ജീവിന്‍റെ മകനിപ്പോൾ ജയിലിലാണ്. അച്ഛനും മകനും ചേർന്ന് മുഖ്യ സോൾവർ ഗാങ് എന്ന പേരിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കായി ഒരു സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വെളിച്ചത്തു വന്നതിൽ പിന്നെ മുഖ്യയെ കാണാനായിട്ടില്ലെന്ന കോളെജ് അധികൃതർ പറയുന്നു. തന്‍റെ പേര് കേസിൽ ഉയരാൻ സാധ്യകതയുണ്ടെന്ന് തോന്നിയതോടെ പറ്റ്ന കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട് മുഖ്യ.

ചോദ്യപേപ്പർ ചോർത്തി നൽകുന്നതിനായി 30 മുതൽ 50 ലക്ഷം രൂപ വരെയാണ് സംഘം ആവശ്യപ്പെടാറുള്ളത്. പണം നൽകുന്നവരെ പറ്റ്നയിലെ ചെറിയ ലോഡ്ജുകളിൽ കൊണ്ടു വന്ന് താമസിപ്പിച്ച ശേഷം ചോദ്യപേപ്പർ ചോർത്തി നൽകും. പരീക്ഷയ്ക്ക് ഒരു ദിവസം മുൻപേയാണ് ചോദ്യപേപ്പർ ചോർത്തി നൽകുക.

Trending

No stories found.

Latest News

No stories found.