

നേഹ ബോറ
ന്യൂഡൽഹി: സമാധാന ബോണ്ടിൽ ഒപ്പിടില്ലെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന പൊലീസ് നോട്ടീസ് ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നേഹ നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിപിഐ (എംഎൽ) ലിബറേഷൻ പാർലമെന്ററി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേഹ.
സമാധാന ബോണ്ട് ഒപ്പിടാൻ ആവശ്യപ്പെടുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത നേഹ, “ഞാൻ ആരുടെ സമാധാനമാണ് നിലനിർത്തേണ്ടത്?” എന്ന് ചോദിച്ചു. ബിഎൻഎസ്എസ് 126-ാം വകുപ്പ് പ്രകാരം ഒക്റ്റോബർ 17ന് നൽകിയ നോട്ടീസിൽ, ഒക്റ്റോബർ 19ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കാൻ നിർദേശിച്ചിരുന്നു.
തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും സർക്കാരിനെതിരേ ആശങ്കകൾ ഉന്നയിക്കുന്നത് എങ്ങനെയാണ് സമാധാനത്തിന് ഭീഷണിയാകുന്നതെന്നും നേഹ ചോദിച്ചു.
സർക്കാരിനോട് ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെങ്കിൽ നമ്മൾ ആരുടെ സമാധാനമാണ് നിലനിർത്തുന്നത്. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും അവർ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പോരാട്ടം ഏത് ദിശയിലേക്ക് നീങ്ങിയാലും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തെ സമാധാനത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും നേഹ വ്യക്തമാക്കി.
തലസ്ഥാനത്ത് 'ലഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുത്ത നേഹയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നാണ് നോട്ടീസ് നൽകിയത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമമാണ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നോട്ടീസെന്ന് ചൂണ്ടിക്കാട്ടിയാണ് നേഹ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്ന കാര്യം നോട്ടീസിൽ മതിയായ രീതിയിൽ സ്ഥാപിച്ചിട്ടില്ലെന്നും അവർ വാദിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെയും ജനാധിപത്യപരമായ എതിർപ്പുകളെയും ലംഘനമായി കാണരുതെന്നും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും നേഹ വ്യക്തമാക്കി.