നേപ്പാൾ പ്രളയം; കാണാതായവരിൽ മുൻ കേന്ദ്രമന്ത്രി മുകുൾ റോയിയുടെ മരുമകളും

ഓഗസ്റ്റ് 21ന് ട്രാവൽ ഏജൻസി വഴി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി ശർമിഷ്ഠ ഒറ്റയ്ക്കാണ് നേപ്പാളിലേക്ക് പോയത്
Sharmishtha Bhaumik Roy

ശർമിഷ്ഠ ഭൗമിക് റോയി

Updated on

കോൽക്കത്ത: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മുൻ കേന്ദ്ര റെയ്ൽവേ മന്ത്രി മുകുൾ റോയിയുടെ മകനും മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ ശുഭ്രാംശു റോയിയുടെ ഭാര്യ ശർമിഷ്ഠ ഭൗമിക് റോയിയെ കാണാതായതായി റിപ്പോർട്ട്. ഓഗസ്റ്റ് 25 രാത്രി മുതൽ ഭർത്താവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ താമസിക്കുന്ന ശർമിഷ്ഠയുടെ കുടുംബം അറിയിച്ചു.

ഓഗസ്റ്റ് 21ന് ട്രാവൽ ഏജൻസി വഴി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി ശർമിഷ്ഠ ഒറ്റയ്ക്കാണ് നേപ്പാളിലേക്ക് പോയത്. ശർമിഷ്ഠയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ‌ ഇതുവരെ ലഭ്യമായിട്ടില്ല. ബിജ്പുർ മണ്ഡലത്തിലെ മുൻ തൃണമൂൽ എംഎൽഎയാണ് ശുഭ്രാംശു റോയ്.

ഇതിനിടെ കോൽക്കത്തയിൽ നിന്ന് കൈലാസ്-മാനസസരോവർ യാത്രയ്ക്കായി നേപ്പാളിലെത്തിയ 32 അംഗ സംഘത്തെയും കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 വിനോദസഞ്ചാരികളും രണ്ട് ടൂർ മാനേജർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഓഗസ്റ്റ് 21ന് കോൽക്കത്തയിൽ നിന്ന് പുറപ്പെട്ട സംഘം അടുത്ത ദിവസം നേപ്പാളിലെത്തി. ബുധനാഴ്ച രാവിലെ 8.30ഓടെ നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുള്ള റസുവഗഢിയിൽ സംഘം എത്തിയിരുന്നു. പിന്നീട് പ്രളയം ഉണ്ടായതിനു പിന്നാലെ ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

logo
Metro Vaartha
www.metrovaartha.com