അസാധാരണം ഈ അതിജീവനം

നേപ്പാളിലെ തൃശൂലി പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് മിന്നൽപ്രളയമുണ്ടായി ഒമ്പതു ദിവസത്തിനുശേഷം രണ്ടു പേരെ രക്ഷിക്കാനായത് അദ്ഭുതമെന്ന് ഓസ്ട്രേലിയൻ തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധൻ
അസാധാരണം ഈ അതിജീവനം

തൃശൂലി പദ്ധതിയുടെ തുരങ്കത്തിനു മുന്നിൽ രക്ഷാപ്രവർത്തകർ.

Updated on

കാഠ്മണ്ഡു: നേപ്പാളിലെ തൃശൂലി പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് മിന്നൽപ്രളയമുണ്ടായി ഒമ്പതു ദിവസത്തിനുശേഷം രണ്ടു പേരെ രക്ഷിക്കാനായത് അദ്ഭുതമെന്ന് ഓസ്ട്രേലിയൻ തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധൻ അർനോൾഡ് ഡിക്സ്. സിഡ്നിയിൽ നിന്നു രക്ഷാപ്രവർത്തകർക്ക് മാർഗനിർദേശം നൽകിയ ഡിക്സിന്‍റെ വിലയിരുത്തലിൽ ലോകം ഇത്തരമൊരു അതിജീവനം കണ്ടിട്ടില്ല. തികച്ചും അസാധാരണമാണ് ഇവരുടെ രക്ഷപെടലെന്നും അദ്ദേഹം.

2023ൽ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കം ഇടിഞ്ഞപ്പോൾ നടത്തിയ രക്ഷാപ്രവർത്തനത്തിലും ഡിക്സിന്‍റെ സേവനമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ പാഠങ്ങൾ തിരുത്തിയെഴുതുന്നതാണ് തൃശൂലി തുരങ്കത്തിലെ ഈ അതിജീവനമെന്നു ഡിക്സ്. ഇത്രയും ഊർജപദ്ധതികൾ ഒരുമിച്ചു തകരുന്ന സാഹചര്യം മുൻപുണ്ടായിട്ടില്ല. നിരവധി തുരങ്കങ്ങൾ ഒരു ദുരന്തത്തിൽ തകരുകയും അവിടെയെല്ലാം ആളുകൾ കുടുങ്ങുകയും ചെയ്യുന്ന അവസ്ഥ ലോകം മുൻപ് നേരിട്ടിട്ടുമില്ല.

പ്രളയജലം ഇരച്ചെത്തിയപ്പോൾ തൊഴിലാളികൾ സ്വാഭാവികമായും തുരങ്കത്തിനുള്ളിലേക്ക് ഓടിയിട്ടുണ്ടാകും. ഒഴുകിയെത്തിയ ചെളിയും പാറയും നിറഞ്ഞ് തുരങ്കമുഖം അടയും. എന്നാൽ, ഉള്ളിലേക്ക് കൂടുതൽ വെള്ളമൊഴുകുന്നത് ഇതു തടയും. അതുവഴി അകത്തുള്ളവർ മുങ്ങിമരിക്കുന്ന സാഹചര്യവും ഒഴിവായിരിക്കാം.

മലനിരകളുടെ മുകളിലുള്ള തുരങ്കങ്ങളുമായി ബന്ധിപ്പിച്ചാണ് ഭൂഗർഭ പവർ സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്. ഈ തുരങ്കങ്ങളാണ് സ്റ്റേഷന്‍റെ അറ്റകുറ്റപ്പണികൾക്കും വായു സഞ്ചാരത്തിനും ഉപയോഗിക്കുന്നത്. ജീവൻ രക്ഷിക്കാൻ വേണ്ടി തൊഴിലാളികൾ മലമുകളിലുള്ള ഈ തുരങ്കങ്ങളിലേക്ക് ഓടിക്കയറുകയായിരുന്നു. കാറുകളുടെ അത്രയും വലിപ്പമുള്ള ചെളിയുടെയും പാറക്കല്ലുകളുടെയും കുത്തൊഴുക്കിനു മുന്നിലായിരിക്കണം അവർ. ഇതു പൊട്ടിച്ചുനീക്കി മാത്രമേ രക്ഷാപ്രവർത്തനം സാധ്യമാകൂ.

രണ്ടു പേരെ ജീവനോടെ കണ്ടെത്താനായതോടെ തുരങ്കങ്ങൾക്കും ഊർജ നിലയത്തിനുമുള്ളിൽ ആളുകൾക്ക് അതിജീവന സാഹചര്യങ്ങളുള്ള ഇടങ്ങളുണ്ടെന്ന (ഗോൾഡിലോക്സ് സോണുകൾ) രക്ഷാപ്രവർത്തകരുടെ നിഗമനം ശരിയെന്നു തെളിഞ്ഞതായും ഡിക്സ് ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടുതൽ ആളുകളെ കണ്ടെത്താമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. ഇനിയും തെരച്ചിൽ തുടരേണ്ടതുണ്ട്. എന്നാൽ, വെളിച്ചമോ ഭക്ഷണമോ ഇല്ലാതെ ഉള്ളിൽ കിട്ടുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് അതിജീവിക്കാൻ അസാധാരണ മനക്കരുത്ത് വേണമെന്നും അദ്ദേഹം.

രണ്ടു പേരെ രക്ഷിക്കാനായതോടെ ഈ തുരങ്കത്തിലുണ്ടെന്നു കരുതുന്ന 35 തൊഴിലാളികൾക്കായുള്ള പ്രതീക്ഷകൾ സജീവമായിട്ടുണ്ട്. നദീതടത്തിലെ തകർന്ന ഒന്നിലധികം ഊർജ പദ്ധതികളിൽ ഏകദേശം 150ഓളം തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്.

ഉത്തരാഖണ്ഡ് ദുരന്തത്തെ ഓർമിപ്പിച്ച് രക്ഷാപ്രവർത്തനം

ന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയത്തെത്തുടർന്ന് തുരങ്കത്തിലകപ്പെട്ട രണ്ടു പേരെ ഒമ്പതു ദിവസത്തിനുശേഷം രക്ഷപെടുത്തിയപ്പോൾ ഓർമകളിൽ വീണ്ടും നിറയുന്നത് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ 2023ലുണ്ടായ ദുരന്തവും രക്ഷാപ്രവർത്തനവും. ചാർധാം തീർഥാടനകേന്ദ്രങ്ങളിലേക്ക് വർഷം മുഴുവൻ ഗതാഗതം സാധ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഉത്തരകാശി ജില്ലയിലെ സിൽക്യാരയെയും ബാർക്കോട്ടിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന്‍റെ കവാടം 2023 നവംബർ 12ന് പുലർച്ചെ ഇടിയുകയായിരുന്നു. 41 തൊഴിലാളികൾ ഈ സമയം തുരങ്കത്തിലുണ്ടായിരുന്നു.

തുരങ്കത്തിന്‍റെ കവാടത്തിൽ നിന്ന് 200 മീറ്ററോളം ഉള്ളിലായിരുന്നു ഇടിഞ്ഞത്. 60 മീറ്ററോളം ദൂരത്തിൽ മണ്ണും കൂറ്റൻ പാറകളും നിറഞ്ഞു.

ഓപ്പറേഷൻ സിന്ദഗി എന്ന പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും സൈന്യത്തിന്‍റെയും നേതൃത്വത്തിൽ 17 ദിവസം നീണ്ട അതിസങ്കീർണമായ രക്ഷാപ്രവർത്തനത്തിലാണു മുഴുവൻ തൊഴിലാളികളെയും രക്ഷിച്ചത്. അപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ തുരങ്കത്തിനുള്ളിലേക്ക് ഓക്സിജൻ എത്തിച്ചിരുന്ന പൈപ്പ് വഴി തൊഴിലാളികളുമായി ആശയവിനുമയം നടത്താൻ സാധിച്ചിരുന്നു. ഈ പൈപ്പ് വഴി മരുന്നും ഡ്രൈ ഫ്രൂട്ട്സും വെള്ളവും എത്തിച്ചുകൊടുത്തു.

എട്ടു ദിവസത്തിനു ശേഷം ആറിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് കൂടി അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്നു കയറ്റിയതോടെ ചൂടുള്ള ഭക്ഷണമടക്കം നൽകാനും ക്യാമറയെത്തിച്ച് ഉള്ളിലെ ദൃശ്യങ്ങൽ പകർത്താനും കഴിഞ്ഞു. ഇതിനിടെ തുരക്കുന്ന മെഷീൻ തകരാറായി കുടുങ്ങി. ഒടുവിൽ അവസാന 12 മീറ്റർ ദൂരം പരമ്പരാഗത റാറ്റ് ഹോൾ ഖനന വിദഗ്ധരായ 12 അംഗ സംഘത്തെ എത്തിച്ച് തുരന്നുനീക്കി. ഒടുവിൽ നവംബർ 28ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചു.

logo
Metro Vaartha
www.metrovaartha.com