രാമക്ഷേത്ര ട്രസ്റ്റിന് പുതിയ സിഇഒ; മൂന്ന് പേരുടെ പട്ടിക കൈമാറി, അന്തിമ തീരുമാനം ബുധനാഴ്ച

ഉച്ചയ്ക്ക് ശേഷം നടക്കുന്ന ട്രസ്റ്റിന്‍റെ യോഗത്തിൽ തീരുമാനമെടുക്കും
The CEO of the Ayodhya Ram Mandir Trust will be decided on Wednesday.

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സിഇഒയെ ബുധനാഴ്ച തീരുമാനിക്കും

Updated on

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) ബുധനാഴ്ച തീരുമാനിച്ചേക്കും. സിഇഒ നിയമനത്തിനായി രൂപീകരിച്ച മൂന്നംഗ സമിതി മൂന്ന് പേരുടെ പേരുകൾ ട്രസ്റ്റിന് സമർപ്പിച്ചു.

മുൻ ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, ലെഫ്റ്റനന്‍റ് ജനറൽ (റിട്ട) വിഷ്ണുകാന്ത് ചതുർവേദി, ആണവ ശാസ്ത്രജ്ഞൻ ഡോ. സുരേഷ് ഹവാരെ എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി മൂന്ന് പേരെ ശുപാർശ ചെയ്തത്. സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെയും പണം തട്ടിയെന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് സിഇഒയെ നിയമിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്. മേയിൽ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ജൂലൈ ആറിനാണ് നിയമന നടപടികൾ ആരംഭിച്ചത്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികളിലൊന്നായാണ് പുതിയ നിയമനം വിലയിരുത്തപ്പെടുന്നത്.

ജൂലൈ 11 മുതൽ 18 വരെ സിഇഒ സ്ഥാനത്തേക്ക് 5,585 അപേക്ഷകളാണ് ലഭിച്ചത്. യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 600 മാർക്കിന്‍റെ ഗൂഗിൾ ഫോം തയ്യാറാക്കി എല്ലാ അപേക്ഷകർക്കും അയച്ചു. 470 മാർക്കോ അതിൽ കൂടുതലോ നേടിയ 108 പേരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇവരുമായി വീഡിയോ കോൺഫറൻസിലൂടെ അഭിമുഖം നടത്തി. തുടർന്ന് പ്രകടനം അടിസ്ഥാനമാക്കി 17 പേരെ എ, ബി, സി ഗ്രേഡുകളിലായി ഷോർട്ട്‌ലിസ്റ്റ് ചെയ്തു. ഇതിൽ 16 പേർ അയോധ്യയിലെ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുത്തു. ഇവരിൽ നിന്നാണ് മൂന്ന് പേരെ അന്തിമമായി തെരഞ്ഞെടുത്തത്. മൂന്ന് പേരിൽ ആരെ സിഇഒയായി നിയമിക്കണമെന്ന് ഇനി ട്രസ്റ്റ് തീരുമാനിക്കും.

ബുധനാഴ്ച ട്രസ്റ്റിന്‍റെ യോഗം രണ്ട് ഘട്ടങ്ങളിലായി നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് യോഗം. 12 വിഷയങ്ങളാണ് അജൻഡയിലുള്ളത്. രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസിന്‍റെ വസതിയിലാണ് യോഗം നടക്കുക.

സംഭാവന തട്ടിപ്പ് ആരോപണം ഉയർന്നതിന് ശേഷമുള്ള ട്രസ്റ്റിന്‍റെ മൂന്നാമത്തെ യോഗമാണിത്. ട്രസ്റ്റിന്‍റെ ഭരണഘടനയിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനും യോഗത്തിൽ തീരുമാനമുണ്ടായേക്കും. സിഇഒയുടെ പുതിയ അധികാരങ്ങളും ചുമതലകളും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ ഉൾപ്പെടുത്താനാണ് സാധ്യത. 2020 ഫെബ്രുവരി അഞ്ചിന് ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന ഭേദഗതിയായിരിക്കും ഇത്. മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ വീണ്ടും ട്രസ്റ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമപരമായ സാധ്യതയും ഭേദഗതിയിലൂടെ ഒരുക്കിയേക്കുമെന്നാണ് റിപ്പോർട്ട്. അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തതിന് പിന്നാലെ ജൂൺ 26നാണ് ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജിവച്ചത്.

logo
Metro Vaartha
www.metrovaartha.com