പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍: കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവക്കു പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങൾ പ്രാബല്യത്തിലാകും
അര്‍ജുന്‍ റാം മേഘ്‌വാള്‍
അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ജൂലൈ ഒന്നു മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കില്ലെന്ന് കേന്ദ്രമന്ത്രി വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് നിലനിൽക്കുന്ന ക്രിമിനൽ നിയമങ്ങളിൽ ജൂ‌ലൈ മുതൽ പൊളിച്ചെഴുത്തുണ്ടാകും. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നീ നിയമങ്ങളാണ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരുന്നത്.

കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട പരിശീലന സൗകര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് (ബിപിആർഡി) ഇതിനായി പരിശീലനം നൽകുന്നുണ്ട്. ജുഡീഷ്യൽ അക്കാദമികളും ദേശീയ നിയമ സർവകലാശാലകളും ഇതിനായി പരിശീലനം നൽകി വരുന്നു.

2023 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. 2023 ഡിസംബറിലെ ശീതകാല സമ്മേളനത്തില്‍ പാർലമെന്‍റ് നിയമങ്ങൾ പാസാക്കിയിരുന്നു. അതേ മാസം തന്നെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ അനുമതി ലഭിച്ചെങ്കിലും, കേന്ദ്രം അവരുടെ വിജ്ഞാപനം മാറ്റിവച്ചതിനാൽ അവ പ്രാബല്യത്തിൽ വന്നില്ല.

അടുത്തിടെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് നിയമങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് കത്തയച്ചിരുന്നു. നിരവധി അഭിഭാഷകരും അക്കാദമിക് വിദഗ്ധരും പുതിയ നിയമങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

ഐപിസിയിലെ 511 വകുപ്പുകൾക്ക് പകരം ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളാണ് ഉൾപ്പെടുന്നത്. ഇതിൽ 20 പുതിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. 33 കുറ്റകൃത്യങ്ങൾക്ക് തടവ് ശിക്ഷ വർദ്ധിപ്പിക്കും. 83 കുറ്റകൃത്യങ്ങൾക്ക് പിഴ ഉയർത്തും. 23 കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത മിനിമം ശിക്ഷകൾ ഏർപ്പെടുത്തി. ആറ് കുറ്റകൃത്യങ്ങൾക്ക് കമ്മ്യൂണിറ്റി സർവീസ് പെനാൽറ്റികൾ ഏർപ്പെടുത്തി. 19 വകുപ്പുകൾ റദ്ദാക്കുകയോ ബില്ലിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തു.

ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡി കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ്. കുറ്റകൃത്യത്തിന്‍റെ തീവ്രത കണക്കിലെടുത്ത് പൊതു ക്രിമിനൽ നിയമങ്ങൾക്ക് കീഴിലുള്ള പോലീസ് കസ്റ്റഡി കാലാവധി 15 ദിവസത്തിൽ നിന്ന് 90 ദിവസമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നീട്ടിയിട്ടുണ്ട്.അതേസമയം, അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.

സിആർപിസിയുടെ 484 വിഭാഗങ്ങൾക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 വിഭാഗങ്ങളുണ്ടാകും. ബില്ലിൽ ആകെ 177 വ്യവസ്ഥകൾ മാറ്റി, ഒമ്പത് പുതിയ വകുപ്പുകളും 39 പുതിയ ഉപവകുപ്പുകളും കൂട്ടിച്ചേർത്തു.

രാജ്യദ്രോഹം, സർക്കാരിനെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൊളോണിയൽ കാലത്തെ നിയമങ്ങളിൽ നിന്നുള്ള സുപ്രധാനമായ വ്യതിയാനമാണ് പുതിയ ബില്ലിലുള്ളത്.

Trending

No stories found.

Latest News

No stories found.