
സ്മാർട് ടിവി, പ്രൊജക്റ്റർ; രാജ്യസഭാ എംപിമാർക്ക് സ്മാർട് ഗാഡ്ജറ്റ് ഉറപ്പാക്കാനായി സ്കീം
ന്യൂഡൽഹി: രാജ്യസഭാ എംപിമാർക്ക് സ്മാർട് ഗാഡ്ജറ്റ്സ് ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതി.രാജ്യസഭാ അംഗങ്ങളുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾക്കുള്ള സാമ്പത്തിക അവകാശ പദ്ധതിയുടെ ഭാഗമായി സ്മാർട് ടിവി, പ്രൊജക്റ്റർ മറ്റു വെയറബിൾസ് എന്നിവ ലഭ്യമാകും. കടമകളും ഉത്തരവാദിത്തങ്ങളും വേഗത്തിലും മികച്ച രീതിയിലും പൂർത്തിയാക്കുന്നതിനായാണ് ഈ പദ്ധതി.
മൂന്ന് വർഷത്തിൽ കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ടോ നാമനിർദേശം ചെയ്യപ്പെട്ടോ രാജ്യസഭാ എംപി പദവിയിൽ ഇരിക്കുന്നയാൾക്ക് 2 ലക്ഷം രൂപയാണ് സ്കീമിന്‍റെ ഭാഗമായി ലഭിക്കുക.
സീറ്റ് ഒഴിവിലേക്ക് ഉപ തെരഞ്ഞെടുപ്പോ നാമനിർദേശമോ വഴി മൂന്നു വർഷമായി പദവിയിൽ തുടരുന്നവർക്ക് 1,50,000 രൂപ ലഭിക്കും. മൂന്നു വർഷത്തിൽ അധികമായി പദവിയിൽ തുടരുന്നവർക്ക് ഉപാധികൾക്ക് വിധേയമായി 1,00,000 രൂപ വരെ കൂടുതലായി ലഭിക്കും. എന്നാൽ ശേഷമുള്ള കാലയളവ് ആറു മാസത്തിൽ കൂടുതലായിരിക്കണം.
ഡെസ്ക്‌ടോപ് സിസ്റ്റം, ലാപ്ടോപ്, പെൻ ഡ്രൈവ്, പ്രിന്‍റർ, സ്കാനർ, യുപിഎസ്, സ്മാർട് ഫോൺ എന്നിവയെല്ലാം നിലവിൽ രാജ്യസഭാ എംപിമാർക്ക് ലഭ്യമാകുന്നുണ്ട്. അതിനു പുറകേയാണ് പുതിയ ഗാഡ്ജറ്റുകൾ.