പ്രവാസികളുടെ പോക്കറ്റ് കീറില്ല; വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനം

ഉത്സവ സീസണിലും അവധിക്കാലത്തും അനിയന്ത്രിതമായ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.
New system to unify air ticket fares

പ്രവാസികളുടെ പോക്കറ്റ് കീറില്ല; വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനം

representative image
Updated on

തിരുവനന്തപുരം: ഒടുവില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. കെ.സി. വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ(പിഎസി) കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഡിജിസിഎ നിര്‍ബന്ധിതമായത്.

നിരവധി തവണ കെ.സി. വേണുഗോപാല്‍ ചെയര്‍മാനായ പിഎസി ഈ വിഷയം കേന്ദ്രസര്‍ക്കാരിന്‍റെയും വ്യോമയാന മന്ത്രാലയത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുക്കയും അമിത വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഹമ്മദാബാദ് വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന സുരക്ഷാ ആശങ്കകളെ കുറിച്ചുള്ള ചര്‍ച്ചകളിലും വിമാന കമ്പനികളുടെ അമിത യാത്ര ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ ഉന്നയിച്ചു. വ്യോമയാന റെഗുലേറ്ററര്‍ക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടായിട്ടും അതിന് തയാറാകാത്ത നിലപാടിനെ കെസി വേണുഗോപാല്‍ കര്‍ശനമായി വിമര്‍ശിച്ചിരുന്നു. കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് ടൂറിസം പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ പങ്കെടുത്ത സമയത്തും വേണുഗോപാല്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഡിജിസിഎയുടെ അധികാരപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കാന്‍ എന്താണ് തടസമെന്ന് പിഎസി ചെയര്‍മാന്‍ കൂടിയായ കെ.സി. വേണുഗോപാല്‍ ഡിജിസിഎയോട് വിശദീകരണം ചോദിച്ചിരുന്നു. രാജ്യത്തിന്‍റെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളെയും ആഭ്യന്തര വിമാനയാത്രികരെയും ബാധിക്കുന്ന വിഷയത്തില്‍ ഇനിയും അലംഭാവം തുടരാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് പിഎസിയും കെ.സി. വേണുഗോപാലും സ്വീകരിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഡിജിസിഎ സന്നദ്ധത അറിയിച്ചത്.

ഉത്സവ സീസണിലും അവധിക്കാലത്തും അനിയന്ത്രിതമായ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇതിനെല്ലാം പുറമെ യൂസേഴ്സ് ഫീസും സര്‍വീസ് ചാര്‍ജ്ജും ഉള്‍പ്പെടെ സാധാരണക്കാരായ യാത്രക്കാര്‍ ടിക്കറ്റ് നിരക്കിലൂടെ നല്‍കേണ്ട അവസ്ഥയാണ്. ഡിമാന്‍ഡ് അനുസരിച്ചാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൊള്ള നടത്തിയിരുന്നത്.

വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പോക്കറ്റ് കീറാതെ നാട്ടിലേക്ക് ഉറ്റവരുടെയടുത്ത് പറന്നിറങ്ങാമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com