കർപ്പൂരി ഠാക്കുറിന് ഭാരതരത്ന: നേട്ടം മോദിയെടുക്കുമോ? നിതീഷിന് ആശങ്ക

കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നൽകിയത് ബിഹാർ രാഷ്‌ട്രീയത്തിലുണ്ടാക്കാനിടയുള്ള സ്വാധീനം മുന്നിൽക്കണ്ടാണു നിതീഷിന്‍റെ പ്രസ്താവന.
കർപ്പൂരി ഠാക്കുറിന് ഭാരതരത്ന: നേട്ടം മോദിയെടുക്കുമോ? നിതീഷിന് ആശങ്ക
Updated on

പറ്റ്ന: സോഷ്യലിസ്റ്റ് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ കർപ്പൂരി ഠാക്കുറിന് മരണാനന്തരം ഭാരതരത്ന നൽകിയതിന്‍റെ നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കുമോ എന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ആശങ്ക. ഇന്നലെ പറ്റ്നയിൽ ഠാക്കൂറിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ചു ജെഡിയു നടത്തിയ റാലിയിൽ ഇക്കാര്യം തുറന്നുപറഞ്ഞ നിതീഷ് മോദിക്കെതിരേ ഒളിയമ്പെയ്തു. മുഴുവൻ "ക്രെഡിറ്റും' മോദി അവകാശപ്പെട്ടേക്കാം എന്നാണു നിതീഷിന്‍റെ പരിഹാസം. ഠാക്കൂറിനു രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചതു താനാണെന്നും നിതീഷ് അവകാശപ്പെട്ടു.

കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നൽകിയത് ബിഹാർ രാഷ്‌ട്രീയത്തിലുണ്ടാക്കാനിടയുള്ള സ്വാധീനം മുന്നിൽക്കണ്ടാണു നിതീഷിന്‍റെ പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതു ബിജെപിക്ക് ഗുണം ചെയ്തേക്കാമെന്ന ആശങ്കയുണ്ട് നിതീഷിനും ജെഡിയുവിനും.

""ഭാരത രത്ന പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രി വിളിച്ചെന്നു കർപ്പൂരി ഠാക്കുറിന്‍റെ മകനും എന്‍റെ സഹപ്രവർത്തകനുമായ രാംനാഥ് ഠാക്കൂർ എന്നോടു പറഞ്ഞു. എന്നാൽ, എന്നെ ഇതേവരെ പ്രധാനമന്ത്രി വിളിച്ചില്ല.

ഒരുപക്ഷേ, എല്ലാ ക്രെഡിറ്റും അദ്ദേഹം തനിച്ചു സ്വന്തമാക്കുന്നതിനു വേണ്ടിയായിരിക്കാം. അങ്ങനെയായാലും അദ്ദേഹത്തിനു നന്ദി. ഠാക്കൂറിനു ഭാരതരത്ന നൽകണമെന്ന് ബിഹാറിൽ ഞാൻ അധികാരത്തിൽ വന്നതു മുതൽ ഉന്നയിക്കുന്ന ആവശ്യമാണ്'' - നിതീഷ് പറഞ്ഞു.

കർപ്പൂരി ഠാക്കൂർ ഒരിക്കലും തന്‍റെ കുടുംബാംഗങ്ങളെ രാഷ്‌ട്രീയത്തിൽ കൊണ്ടുവന്നില്ലെന്നും നിതീഷ് പറഞ്ഞു.

ബിഹാറിലെ വോട്ടർമാർ 36 ശതമാനം വരുന്ന അതിപിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്നു കർപ്പൂരി ഠാക്കുർ. 27 ശതമാനം ഒബിസി വിഭാഗങ്ങളുമുണ്ട് സംസ്ഥാനത്ത്. ഠാക്കുറിന് ഭാരതരത്ന സമ്മാനിച്ചത് ഈ വിഭാഗങ്ങളെ സ്വാധീനിക്കുമെന്നാണു വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com