യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

എന്നാൽ, വ്യാപാരികളിൽനിന്ന് നാമമാത്രമായ മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നത് ഭാവിയിൽ പരിഗണിച്ചേക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി
No charges will be levied on UPI users; Central Government.

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; കേന്ദ്ര സർക്കാർ

Updated on

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമെന്ന ആശങ്കകൾക്ക് വിരാമമിട്ട് ഉപഭോക്താക്കളിൽനിന്നും ചെറുകിട വ്യാപാരികളിൽനിന്നും ഇത്തരം സേവനങ്ങൾക്ക് നിരക്ക് ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, വ്യാപാരികളിൽനിന്ന് നാമമാത്രമായ മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നത് ഭാവിയിൽ പരിഗണിച്ചേക്കുമെന്നും കേന്ദ്ര ധനമന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.

എംഡിആർ ഏർപ്പെടുത്തിയാൽ തന്നെ അത് പരിമിതമായ വിഭാഗം വ്യാപാര ഇടപാടുകൾക്ക് മാത്രമായിരിക്കും ബാധകമാകുക. നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് വളരെ കുറഞ്ഞ നിരക്കിലായിരിക്കും എംഡിആർ ഈടാക്കുക. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ എംഡിആറിനേക്കാൾ ഇത് വളരെ കുറവായിരിക്കുമെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2007ലെ പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം. യുപിഐ ഉൾപ്പെടെയുള്ള വിജ്ഞാപനം ചെയ്ത ഇലക്ട്രോണിക് പേയ്‌മെന്‍റ് സംവിധാനങ്ങളിലൂടെ നടത്തുന്ന ഇടപാടുകൾക്ക് ബാങ്കുകൾക്കും മറ്റ് സേവനദാതാക്കൾക്കും നിരക്ക് ഈടാക്കാൻ അനുമതി നൽകാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി.

2026ലെ ടാക്സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്‍റ്) ബിൽ പാർലമെന്‍റ് പാസാക്കുകയും 2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിലെ സെക്ഷൻ 10എ ഭേദഗതി ചെയ്യുകയും ചെയ്താൽ, എംഡിആർ ഏർപ്പെടുത്തണമോ എന്നതും അതിന്‍റെ നിരക്കും നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നേതൃത്വത്തിലുള്ള ‘യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി’ തീരുമാനിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

പിഎസ്എസ് നിയമത്തിലെ പുതിയ ഭേദഗതി സാധാരണ ഉപയോക്താക്കളിൽനിന്ന് യുപിഐ ചാർജ് ഈടാക്കാനുള്ള നീക്കമാണെന്ന തരത്തിൽ ചിലർ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. യുപിഐയുടെ ദീർഘകാല സുസ്ഥിരത, സാങ്കേതിക മുന്നേറ്റം, ഉയർന്നുവരുന്ന ഭീഷണികളെ നേരിടാനുള്ള ശേഷി എന്നിവ ഉറപ്പാക്കുന്നതിനുള്ള നിയമപരമായ സംവിധാനമാണ് ഭേദഗതിയിലൂടെ ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

യുപിഐ ഇടപാടുകളുടെ എണ്ണം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ തുടർച്ചയായും വലിയ തോതിലും നിക്ഷേപം ആവശ്യമാണ്. വിപണി കൂടുതൽ വ്യാപിപ്പിക്കുന്നതിനും യുപിഐ സംവിധാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനും വരുമാന മാതൃക ആവശ്യമാണെന്നും സർക്കാർ പറഞ്ഞു.

യുപിഐ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി ധനമന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻപിസിഐ എന്നിവയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

logo
Metro Vaartha
www.metrovaartha.com