ഭീകരവാദത്തിന് ഇരട്ടത്താപ്പില്ല; പാക് പ്രധാനമന്ത്രിയെ മുന്നിലിരുത്തി മോദിയുടെ പരോക്ഷ വിമർശനം

ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ ദീർഘകാല നയത്തിനെ നേരിട്ട് പരാമർശിക്കുന്നതാണ് മോദിയുടെ പ്രസ്താവന
Shehbaz Sharif, Narendra Modi

ഷെഹബാസ് ഷെരീഫ്, നരേന്ദ്ര മോദി

Updated on

ബിഷ്കെക്: ഭീകരവാദത്തിനും യുദ്ധത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് മോദിയുടെ വിമർശനം.

ഭീകരവാദത്തിന് ഇരട്ടത്താപ്പില്ലെന്ന് എല്ലാവരും ഏക സ്വരത്തിൽ പറയണമെന്ന് മോദി ആവശ്യപ്പെട്ടു. സാമ്പത്തികം, റിക്രൂട്ട്മെന്‍റ് തുടങ്ങി ഭീകരവാദത്തിന്‍റെ പൂർണ ആവാസ വ്യവസ്ഥയെയും തകർക്കണമെന്നും മോദി വ്യക്തമാക്കി. ഷെഹബാസ് ഷെരീഫ് അടക്കമുള്ളവർ ഇരുന്ന ഹാളിൽ വച്ചായിരുന്നു മോദിയുടെ പ്രസ്താവന. യുദ്ധഭൂമിയിൽ പരിഹാരങ്ങളൊന്നുമില്ലെന്നും എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ ദീർഘകാല നയത്തിനെ നേരിട്ട് പരാമർശിക്കുന്നതാണ് മോദിയുടെ പ്രസ്താവന. കഴിഞ്ഞവർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് പ്രവർത്തിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഇതിനു തിരിച്ചടി നൽകുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com