ഘോഷയാത്രയില്ല, രക്തസാക്ഷി പരിവേഷവുമില്ല; ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിന്‍റെ സംസ്കാരം നടന്നത് സ്വന്തം ഗ്രാമത്തിൽ നിന്ന് 160 കിലോമീറ്റർ അകലെ

സുരക്ഷാസേനയുടെ നേതൃത്വത്തിലാണ് കുപ്‌വാര ജില്ലയിലെ ബാൻഗസ് താഴ്വരയിൽ സംസ്കാര ചടങ്ങ് നടത്തിയത്
Latif Bhat

ലത്തീഫ് ഭട്ട്

Updated on: 

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ സജീവമായിരുന്ന ഏക ലഷ്കർ ഇ തൊയ്ബ ഭീകരനായ ലത്തീഫ് ഭട്ടിനെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്. നവംബർ 18ന് പ്രദേശത്തെ മുസ്ലിം പള്ളിക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭട്ടിനെ കീഴടങ്ങാനുള്ള ആവർത്തിച്ചുള്ള നിർദേശം അവഗണിച്ചതോടെ വെടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഭട്ടിന്‍റെ സ്വദേശത്ത് നിന്ന് 160 കിലോമീറ്റർ അകലെ ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് മൃതദേഹം സംസ്കരിച്ചത്.

മുൻപ് ഉണ്ടായിരുന്നതുപോലെ ഘോഷയാത്രയോ രക്തസാക്ഷി പരിവേഷമോ ഭട്ടിന് ലഭിച്ചില്ല. അതിനുള്ള അവസരവും അധികൃതർ ഒരുക്കിയില്ല. സുരക്ഷാസേനയുടെ നേതൃത്വത്തിലാണ് കുപ്‌വാര ജില്ലയിലെ ബാൻഗസ് താഴ്വരയിൽ സംസ്കാര ചടങ്ങ് നടത്തിയത്. അതേസമയം, ഭട്ടിന്‍റെ കുടുംബത്തെ സംസ്കാര ചടങ്ങ് നടക്കുന്നയിടത്തേക്ക് കൊണ്ടുപോയിരുന്നു.

ഭട്ടിന്‍റെ പിതാവ് മുഷ്താഖ് അഹമ്മദ് ഭട്ട്, അഞ്ച് അമ്മാവൻമാർ, സഹോദരി ഭർത്താവ് എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മൊബൈൽ ഫോണുകൾ സംസ്കാരം നടക്കുന്ന ഇടത്തേക്ക് കൊണ്ടുപോകാൻ ഇവരെ സുരക്ഷാസേന അനുവദിച്ചിരുന്നില്ല. സംസ്കാര ചടങ്ങ് നടക്കുന്ന സ്ഥലത്തിന് 10 കിലോമീറ്റർ മുൻപ് വച്ച് മൊബൈലുകൾ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക ആചാരങ്ങൾ പ്രകാരങ്ങൾ പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടത്തിയതെന്ന് ഭട്ടിന്‍റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കുൽഗാമിലെ ഖേർവാൻ‌ ഗ്രാമത്തിലാണ് ഭട്ടിന്‍റെ കുടുംബത്തിന്‍റെ താമസം.

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബത്തിന് കൈമാറേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ പാലിച്ചുവരുന്നത്. ഭീകരർക്ക് രക്തസാക്ഷി പരിവേഷം നൽകുന്നതും മൃതദേഹവുമായി ഘോഷയാത്രകൾ നടത്തുന്നതും ഒഴിവാക്കാൻ വേണ്ടിയാണിത്. ഭട്ടിന്‍റെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് സുരക്ഷാസേന സ്വീകരിച്ചത്.

'എ കാറ്റഗറി' വിഭാഗത്തിൽപ്പെട്ട ഭീകരനായ ലത്തീഫ് ഭട്ടിന്‍റെ തലയ്ക്ക് 15 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ലഷ്കറിൽ ചേർന്ന് കൃത്യം ഒരു വർഷം തികയുന്ന ദിവസമായിരുന്നു ഭട്ടിന്‍റെ അന്ത്യം. കുൽഗാം മേഖലയിൽ ലഷ്കറിന്‍റെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഭട്ടായിരുന്നു. ലഷ്കറിന്‍റെ അനുബന്ധ സംഘടനയായി കണക്കാക്കപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ടുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. കശ്മീർ റെവല്യൂഷണറി ആർമി എന്ന സംഘടനയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നു.