

സിജെപി പ്രതിഷേധത്തിനിടെ നടൻ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു (ഫയൽ ചിത്രം)
മുംബൈ: ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത നടൻ ഇമ്രാൻ ഖാന് ഇടക്കാല ആശ്വാസം. നവംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നടനെതിരേ നടപടിയെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ബോംബൈ കോടതിയെ അറിയിച്ചു.
അമെരിക്കൻ പൗരത്വമുള്ള 43കാരനായ ഇമ്രാൻ ഖാൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുടമയാണ്. ഒക്റ്റോബർ 28നകം ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) നൽകിയ നോട്ടീസിനെതിരെയാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
ഒക്റ്റോബർ 10ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു നടപടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകളും ഏകപക്ഷീയമായ നടപടികളും ആരോപിച്ചായിരുന്നു സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അമെരിക്കൻ പൗരനായ ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി എഫ്ആർആർഒയ്ക്ക് കൈമാറിയതിനെ തുടർന്നാണ് ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകിയത്. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമപ്രകാരമായിരുന്നു നടപടി.
എന്നാൽ, താൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും സംഘാടകരുമായി യാതൊരു ബന്ധവുമില്ലെന്നും ഇമ്രാൻ ഖാൻ ഹർജിയിൽ വാദിച്ചു. നോട്ടീസ് നിയമവിരുദ്ധവും ഏകപക്ഷീയവും അന്യായവുമാണെന്നും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ, ഇമ്രാൻ ഖാന്‍റെ ഒസിഐ പദവി റദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് എഫ്ആർആർഒ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.