
16 വർഷത്തിനു ശേഷം സെൻസസ്, ഇത്തവണ ജാതിയും ഉൾപ്പെടും; വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യം 16 വർഷത്തിനു ശേഷം വീണ്ടും സെൻസസിനു തയാറാകുന്നു. 2027 ലാണ് ഇന്ത്യയുടെ പതിനാറാമത് സെൻസസ് നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സെൻസസ് ആണ് ഇത്തവണ നടപ്പിലാക്കുക. മഞ്ഞുകാലം രൂക്ഷമാകുന്ന ലഡാക് മേഖല, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്റ്റോബർ 1 മുതൽ തന്നെ സെൻസസ് നടപടികൾ ആരംഭിക്കും. മറ്റെല്ലായിടത്തും 2027 മാർച്ച് 1 മുതലായിരിക്കും സെൻസസ് എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. 1.3 ലക്ഷം പേരെയായിരിക്കും ഇതിനായി സജ്ജീകരിക്കുക. ഞായറാഴ്ച നടന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സെൻസസിന്‍റെ തയാറെടുപ്പുകളെ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രജിസ്ട്രാർ ജനറൽ , സെൻസസ് കമ്മിഷണർ ഓഫ് ഇന്ത്യ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ വാസസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആയിരിക്കും ശേഖരിക്കുക. താമസ സാഹചര്യം, സ്വത്ത്, സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തു.
രണ്ടാം ഘട്ടത്തിൽ വ്യക്തിവിവരങ്ങൾ ശേഖരിക്കും. 2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടത്തിയത്. പിന്നീട് കൊവിഡ് സാഹചര്യം മൂലം സെൻസസ് നടപടികൾ നീട്ടി വയ്ക്കുകയായിരുന്നു.