

മരിച്ചതിനു തെളിവായി അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
ക്യോഞ്ജ്ഹർ: മരണപ്പെട്ടതിനു തെളിവു ചോദിച്ച ബാങ്കിനു മുന്നിലേക്ക് സഹോദരിയുടെ അസ്ഥികൂടവുമായി എത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീശ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി. ഗോത്ര വിഭാഗത്തിൽ പെട്ട ജീതു മുണ്ടയാണ് (50) സഹോദരി കാർള മുണ്ടയുടെ (56) അസ്ഥികൂടവുമായി ഒഡീശ ഗ്രാമീൺ ബാങ്കിനു മുന്നിൽ എത്തിയത്. സംഭവത്തിന്‍റെ വിഡിയോ അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മരണപ്പെട്ട സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനായെത്തിയപ്പോഴാണ് ജീതു മുണ്ടയോട് ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് അറിയിച്ചത്.
സഹോദരി മരിച്ചു പോയെന്നു അറിയിച്ചതോടെ അതിനു തെളിവു വേണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിനു പിന്നാലെയാണ് ജീതു സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. എന്നാൽ ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വാദം.
സംഭവം വിവാദമായതോടെ അക്കൗണ്ടിൽ നിന്നുള്ള പണം മുണ്ടയ്ക്കു നൽകി. കൂടാതെ ഒഡീശ സർക്കാർ 30,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കളും ബിജെഡി നേതാക്കളും സ്ഥലത്തെത്തി മുണ്ടയുമായി സംസാരിച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.