5 രൂപയുടെ ലെയ്‌സിൽ വെറും 4 ഗ്രാം ചിപ്സ്; 8000 രൂപ നഷ്ടപരിഹാരം വിധിച്ച് കമ്മിഷൻ

പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്നാണ് എഴുതിയിരുന്നതെങ്കിലും വെറും 4 ഗ്രാം ചിപ്സ് മാത്രമേ അകത്തുണ്ടായിരുന്നുള്ളൂ.
Only 4 grams of chips in a ₹5 packet of Lay's; Commission orders ₹8,000 in compensation.

5 രൂപയുടെ ലെയ്‌സിൽ വെറും 4 ഗ്രാം ചിപ്സ്; 8000 രൂപ നഷ്ടപരിഹാരം വിധിച്ച് കമ്മിഷൻ

Updated on: 

ജയ്പുർ: ലെയ്സ് പാക്കറ്റിൽ നിശ്ചിത അളവിലുള്ള ചിപ്സ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജയ്പുർ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ. ലെയ്സിന്‍റെ ഉടമസ്ഥരായ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് ലിമിറ്റഡിനോടാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് രൂപയുടെ ലേയ്സ് വാങ്ങി വഞ്ചിതനായ ജയ്പുർ സ്വദേശിയായ ചന്ദ്രമൻ ജലൻ ആണ് കോടതിയെ സമീപിച്ചത്. ജലൻ ബിൽഡിങ്സ്, ഹാർഡ് വെയർ സ്റ്റോറിന്‍റെ ഉടമസ്ഥൻ കൂടിയാണ് പരാതിക്കാരൻ. 2020ൽ വീട്ടിലെത്തിയ വിരുന്നുകാർക്ക് വേണ്ടി അഞ്ച് രൂപയുടെ നിരവധി ലേയ്സ് പാക്കറ്റുകൾ വാങ്ങിയിരുന്നുവെന്ന് ജലൻ പറയുന്നു.

ചിപ്സ് പാക്കറ്റിന്‍റെ ഭാരം വളരെ കുറവാണെന്ന് തോന്നിയതിനെത്തുടർന്ന് ഭാരം പരിശോധിച്ചു. പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്നാണ് എഴുതിയിരുന്നതെങ്കിലും വെറും 4 ഗ്രാം ചിപ്സ് മാത്രമേ അകത്തുണ്ടായിരുന്നുള്ളൂ. തുടർന്ന് തനിക്ക് ചിപ്സ് വിറ്റ ചില്ലറ വിൽപ്പനശാലയെ സമീപിച്ചുവെങ്കിലും അവരുടെ പ്രതികരണം തൃപ്തികരമായിരുന്നില്ല. അതോടെയാണ് 2022ൽ ജലൻ പരാതി പരിഹാര കമ്മിഷനിൽ പരാതി സമർപ്പിച്ചത്. തനിക്ക് ലെയ്സ് വിറ്റ കടക്കാരനെയും പെപ്സികോ കമ്പനിയെയും പ്രതി ചേർത്താണ് പരാതി നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പെപ്സികോക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അവർ നേരിട്ട് ഹാജരായില്ല.

തുടർന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ വിധി പ്രഖ്യാപിക്കുകയായിരുന്നു. ചില്ലറ വിൽപ്പനക്കാരനെ കമ്മിഷൻ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരാതി നൽകിയ തീയതിയായ 2022 ഏപ്രിൽ 6 മുതൽ പണം തിരികെ നൽകുന്ന തീയതി വരെ, പ്രതിവർഷം 6 ശതമാനം പലിശ സഹിതം, ലേയ്‌സ് പാക്കറ്റിന്‍റെ വിലയായ 5 രൂപ തിരികെ നൽകാൻ പെപ്സികോയോട് കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി 8000 രൂപയും കേസ് ചെലവുകൾക്കായി 3000 രൂപയും ഉൾപ്പെടെ 8000 രൂപ പിഴയടക്കണമെന്നാണ് കമ്മിഷൻ ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽആറു ശതമാനം വാർഷിക പലിശ നൽകേണ്ടി വരുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com