
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ മൂന്നാം ദിനം; 2 ഭീകരരെ കൂടി വധിച്ചു; ജവാന് പരുക്ക്
file image
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ മൂന്നാം ദിനവും തുടരുന്നു. അഖൽ ദേവ്സർ വന പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൂടി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതോടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ എണ്ണം അഞ്ചായി.
അതേസമയം, ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയെന്നും നില ഗുരുതരമല്ലെന്നും സൈനിക ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. നേരത്തെ പരുക്കേറ്റ സൈനികൻ ഇപ്പോഴും ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
നിരോധിത ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുടെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിൽ പെട്ടവരാണ് ഭീകരരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ഭീകരർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ സേന കരുതുന്നത്. അന്വേഷണത്തിൽ സുരക്ഷാ സേന എകെ-47 റൈഫിൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. തെരച്ചിൽ ഊർജിതമാക്കാൻ കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷൻ അഖൽ എന്നാണ് ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.