

ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ വോട്ടുകൾ; 'ഹരിയാന ബോംബ്' പൊട്ടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ വലിയ വോട്ടു കൊള്ള നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ മറിച്ചുവെന്നും ഒരാൾ പല ബൂത്തുകളിലായി 22 തവണ വോട്ടു ചെയ്തുവെന്നും സർക്കാരിന്‍റെ ഓപ്പറേഷൻ വോട്ട് ചോരിയാണ് ഹരിയാനയിൽ നടന്നതെന്നും രാഹുൽ ആരോപിച്ചു. ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ ചെയ്തു. എട്ടു വോട്ടുകളിൽ ഒന്ന് കള്ളവോട്ടായിരുന്നു. ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് സ്വീറ്റി, സീമ, സരസ്വതി എന്നിങ്ങനെ 22 പേരുകളിൽ വ്യാജ വോട്ടു രേഖപ്പെടുത്തിയതിന്‍റെ തെളിവുകളും രാഹുൽ പുറത്തു വിട്ടു. ബിഹാർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേയാണ് രാഹുലിന്‍റെ വെളിപ്പെടുത്തൽ. ബിഹാറിലും ക്രമക്കേടുകൾ നടക്കുന്നതായിരാഹുൽ ആരോപിച്ചു.
ഹരിയാനയിൽ എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് വിജയം പ്രവചിച്ചിരുന്നു. പക്ഷേ ഫലം വന്നപ്പോൾ ബിജെപി വിജയിച്ചു. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനി ബിജെപി വിജയിക്കുമെന്നും അതിനു ള്ള സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയാക്കിയെന്നും മാധ്യമങ്ങളോട് പറയുന്ന വിഡിയോ പ്രദർശിപ്പിച്ചു കൊണ്ട് എന്തായിരുന്നു ആ സജ്ജീകരണങ്ങൾ എന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഇരട്ട വോട്ടുകളെ സെക്കൻഡുകൾ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ഇല്ലാതാക്കാം. എന്തു കൊണ്ട് അവർ അത് ചെയ്തില്ല. അവർ ബിജെപിയെ സഹായിക്കുന്നുവെന്നതാണ് അതിനു കാരണം . തട്ടിപ്പു പുറത്തു വരാതിരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പോലും ഇല്ലാതാക്കി. ഇക്കാരണത്താലാണ് ഹരിയാനയിൽ 22,000 വോട്ടുകൾക്ക് കോൺഗ്രസ് പരാജയപ്പെട്ടത്. ഹരിയാനയിൽ ഇലക്ഷൻ അല്ല നടന്നത്. ഹരിയാന സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും രാഹുൽ ആരോപിച്ചു.