മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധം; ഡൽഹിയിൽ കനത്ത സുരക്ഷ,10,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു

ഉച്ചയ്ക്ക് 12 മണിക്ക് മിന്‍റോ റോഡ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ജവഹർലാൽ നെഹ്റു മാർഗ്, ചമൻ ലാൽ മാർഗ് എന്നിവയിലൂടെ രാംലീല മൈതാനത്തെത്തും
Heavy security in Delhi; 10,000 police personnel and paramilitary forces deployed.

ഡൽഹിയിൽ കനത്ത സുരക്ഷ,10,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷമായ ഇന്ത്യാ സഖ്യം ഞായറാഴ്ച ഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കാനിരിക്കെ തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൊണാട്ട് പ്ലേസിന് സമീപത്തുനിന്ന് രാംലീല മൈതാനത്തേക്കുള്ള മാർച്ചിന് മുന്നോടിയായി ഏകദേശം 10,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിക്കും.

മാർച്ച് സുഗമമായി നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് മാർച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദം. എന്നാൽ രാംലീല മൈതാനത്തിന്‍റെ ശേഷി കണക്കിലെടുത്ത് 50,000 പേരെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇതിലധികം ആളുകളെത്തിയാൽ സമീപത്തെ റോഡുകളിൽ നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് മിന്‍റോ റോഡ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ജവഹർലാൽ നെഹ്റു മാർഗ്, ചമൻ ലാൽ മാർഗ് എന്നിവയിലൂടെ രാംലീല മൈതാനത്തെത്തും. മാർച്ച് സുഗമമായി നടത്താൻ ആവശ്യമായ ഏകോപനം നടത്തുന്നുണ്ടെന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് രാജ്ബീർ സിങ് പറഞ്ഞു.

ഞായറാഴ്ചത്തെ റാലിക്ക് ശേഷവും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. വോട്ട് മോഷണവുമായി ബന്ധപ്പെട്ട തെളിവുകളെന്ന് അവകാശപ്പെടുന്ന രേഖകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറാനും പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം.

മാർച്ചിന്‍റെ പാതയിലും രാംലീല മൈതാനത്തുമായി ഏകദേശം 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിൽ 3,000 പേർ ഡൽഹി പൊലീസിൽ നിന്നും 7,000 പേർ അർധസൈനിക വിഭാഗങ്ങളിൽ നിന്നുമാണ്. ആവശ്യാനുസരണം വിന്യസിക്കാൻ പത്ത് കമ്പനികളെ കൂടി കരുതൽ സേനയായി നിലനിർത്തിയിട്ടുണ്ട്. രാംലീല മൈതാനത്തേക്കുള്ള എല്ലാ റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിക്കും. ജന്തർ മന്തറിലേക്കോ മറ്റ് നിയന്ത്രിത മേഖലകളിലേക്കോ പ്രതിഷേധക്കാർ നീങ്ങുന്നത് തടയുകയാണ് ലക്ഷ്യം. മുതിർന്ന നേതാക്കൾക്ക് അടിയന്തരമായി പുറത്തുകടക്കാൻ മൈതാനത്തെ ഒരു കവാടവും മാറ്റിവെച്ചിട്ടുണ്ട്.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചാണ് 'ചലോ ഡൽഹി' റാലി സംഘടിപ്പിക്കുന്നത്. ഒരു മാസമായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ ആദ്യമായാണ് പ്രതിപക്ഷം ഔദ്യോഗികമായി നിശ്ചയിച്ച വേദിയിൽ ഇത്രയധികം ആളുകളെ അണിനിരത്തുന്നത്. ഒക്റ്റോബറിൽ പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ മെട്രൊ സ്റ്റേഷനുകൾ അടച്ചിടൽ, ഇന്‍റർനെറ്റ് നിയന്ത്രണം, നിരോധനാജ്ഞ, 40,000 സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം തുടങ്ങിയ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. ജന്തർ മന്തറിന്‍റെ പ്രതിഷേധവേദി പദവിയും റദ്ദാക്കിയിരുന്നു.

ഇതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ 10, രാജാജി മാർഗ് വസതിയിൽ ശനിയാഴ്ച ജ്ഞാനേഷ് കുമാറിനെതിരേ പ്രതിപക്ഷം പ്രതീകാത്മക 'ജനകീയ ഇംപീച്ച്‌മെന്‍റ്' സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ എംപിമാരും നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ഖാർഗെ ഇന്ത്യാ സഖ്യത്തിന്‍റെ പ്രമേയം അവതരിപ്പിച്ചു. ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായി ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പങ്കാളിയായെന്നാണ് പ്രമേയത്തിലെ ആരോപണം. ഇത് രാജ്യത്തോടും ഭരണഘടനയോടുമുള്ള വഞ്ചനയാണെന്നും അദ്ദേഹത്തെ നിയമപരമായി വിചാരണ ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അതേസമയം വോട്ടർമാരുടെ വിശ്വാസം നേടാനാകാത്തതിനെ തുടർന്ന് പ്രതിപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പാർലമെന്‍റിനെയും ജനാധിപത്യത്തെയും പ്രതിപക്ഷം പരിഹാസ്യമാക്കിയെന്ന് ബിജെപി വക്താവ് സംബിത് പത്ര പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ആജീവനാന്തം 'പ്രധാനമന്ത്രിയായി അഭിനയിക്കാൻ' പ്രതിപക്ഷത്തിന് അനുവദിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.