

പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രിയാകട്ടെ എന്ന് പ്രിയങ്ക ഗാന്ധിയെ ആശീർവദിച്ച് കാമാഖ്യ ക്ഷേത്രത്തിലെ സന്ന്യാസി. അസം സന്ദർശനത്തിന്‍റെ ഭാഗമായി കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ ക്ഷേത്രത്തിലെ നാഗസന്ന്യാസികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കൗതുകകരമായ സംഭവം നടന്നത്. പ്രിയങ്കയ്ക്കൊപ്പം ഒരു ഫോട്ടോ ആവശ്യപ്പെട്ടു കൊണ്ട് എത്തിയ ഒരു സന്ന്യാസി പ്രിയങ്കയുടെ തലയിൽ കൈ വച്ച് നമ്മുടെ മകൾ പ്രധാനമന്ത്രിയാകും എന്ന് ആശീർവദിച്ചു.
അവിശ്വസനീയതയോടെ ചിരിച്ചു കൊണ്ടാണ് പ്രിയങ്ക അവിടെ നിന്ന് മടങ്ങിയത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക അസമിലെത്തിയത്. ഗ്വാഹട്ടിയിലെ രാജീവ് ഭവനിലെത്തിയ പ്രിയങ്ക സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
മഹിളാ കോൺഗ്രസ് എൻഎസ് യുഐ നേതാക്കളും കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നു. സംസ്ഥാനത്തെ സ്ഥാനാർഥികളെ നിർണയിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.