സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് പാണ്ഡ്യൻ; പിന്മാറുന്നത് പട്നായിക്കിന്‍റെ വിശ്വസ്തൻ

ബിജു പരിവാറിലെ എല്ലാവരോടും മാപ്പു ചോദിക്കുന്നു എന്നാണ് പാണ്ഡ്യൻ വിഡിയോയിൽ പറയുന്നത്.
സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് പാണ്ഡ്യൻ; പിന്മാറുന്നത് പട്നായിക്കിന്‍റെ വിശ്വസ്തൻ
വി.കെ. പാണ്ഡ്യൻ
Updated on

ഭുവനേശ്വർ: ഒഡീശ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ വിശ്വസ്തനും ബിജെഡി നേതാവുമായ വി.കെ. പാണ്ഡ്യൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെഡി ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെയാണ് പാണ്ഡ്യൻ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്.

''സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എനിക്കെതിരേയുള്ള വിദ്വേഷ പ്രചരണം ഒഡീശയിൽ ബിജെഡിയുടെ പരാജയത്തിനു കാരണമായിട്ടുണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു. ബിജു പരിവാറിലെ എല്ലാവരോടും മാപ്പു ചോദിക്കുന്നു '', പാണ്ഡ്യൻ വിഡിയോയിൽ പറയുന്നു.

പട്നായിക്കിനെ സഹായിക്കാൻ വേണ്ടി മാത്രമാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അതു കൊണ്ടാണ് ഇതു വരെയും ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാതിരുന്നതെന്നും പാണ്ഡ്യൻ പറഞ്ഞു. ബിജെഡിയുടെ 24 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബിജെപി ഒഡീശയിൽ ഭരണം പിടിച്ചത്.

147 അംഗ നിയമസഭയിൽ 78 സീറ്റുകളാണ് ബിജെപി നേടിയത്. ബിജെഡിക്ക് 51 സീറ്റുകളിലാണ് വിജയിക്കാനായത്. കോൺഗ്രസ് 14 സീറ്റിലും സിപിഎം ഒരു സീറ്റിലും വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെഡിക്ക് നേടാനായില്ല. അതേസമയം ബിജെപി 20 സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com