വനിതാ സംവരണവും മണ്ഡല പുനർനിർണയവും‍? പാർലമെന്‍റ് പ്രത്യേക സമ്മേളനം ചേരുന്നു

ഓഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നില്ല. അതിനാൽ, ഈ പ്രത്യേക സിറ്റിങ് വർഷകാല സമ്മേളനത്തിന്‍റെ തുടർച്ചയായാകും കണക്കാക്കുക
വനിതാ സംവരണവും മണ്ഡല പുനർനിർണയവും; പാർലമെന്‍റ് പ്രത്യേക സമ്മേളനം ചേരുന്നു

ലോക് സഭ

File

Updated on: 

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ പാർലമെന്‍റ് സമ്മേളനത്തിനു നിർദേശിച്ചു കേന്ദ്ര സർക്കാർ. ഈ മാസം 30നു ലോക്സഭയും ഡിസംബർ രണ്ടിനു രാജ്യസഭയും ചേരും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയോടും രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനോടും ഇക്കാര്യം ആവശ്യപ്പെട്ടതായി കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സമ്മേളന നടപടികളുടെ ആവശ്യം കണക്കിലെടുത്ത് ഇരുസഭകളും ഡിസംബർ മൂന്നിന് സമാപിച്ചേക്കാമെന്നും അദ്ദേഹം.

ഓഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നില്ല. അതിനാൽ, ഈ പ്രത്യേക സിറ്റിങ് വർഷകാല സമ്മേളനത്തിന്‍റെ തുടർച്ചയായാകും കണക്കാക്കുക. ഇന്നു കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു മണ്ഡല പുനർനിർണയ-വനിതാ സംവരണ ബിൽ ചർച്ച ചെയ്തേക്കും.

കഴിഞ്ഞ ഏപ്രിലിൽ മതിയായ അംഗബലമില്ലാതെ ബിൽ പരാജയപ്പെട്ടിരുന്നു. നിലവിലെ 543 അംഗ ലോക്‌സഭയിൽ മൂന്ന് ഒഴിവുകളുള്ളതിനാൽ 540 അംഗങ്ങളാണുള്ളത്. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (361 വോട്ടുകൾ) ആവശ്യമാണ്. എൻഡിഎയ്ക്ക് 320ഓളം അംഗങ്ങളുണ്ട്. ലോക്സഭയിൽ 22 എംപിമാരുള്ള ഡിഎംകെയും എട്ടംഗങ്ങളുള്ള എൻസിപി (എസ്പി)യും ബില്ലിനെ പിന്തുണച്ചേക്കുമെന്നാണു റിപ്പോർട്ട്. സഭയിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് ഇന്നു ചേരും.