

"തത്തകളും വന്യജീവികളാണ്"; കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് ബോംബേ ഹൈക്കോടതി -AI Image
നാഗ്പുർ: തത്തകൾ വന്യജീവികളാണെന്നും അവ മൂലം ഉണ്ടാകുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ട് ബോംബേ ഹൈക്കോടതി. മഹാരാഷ്ട്ര സർക്കാരിനോടാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരിക്കുന്നത്. നാഗ്പുർ ബെഞ്ച് ജസ്റ്റിസ് ഊർമിള ജോഷി-ഫാൽകെ, നിവേദിത മെഹ്ത എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. 70 വയസുള്ള മബാദിയോ ഡെകാതേ എന്ന എന്ന കർഷകൻ നൽകിയ ഹർജിയിലാണ് വിധി. വാർധ ജില്ലയിലെ ഹിംഗിയിൽ നട്ടു വളർത്തിയ മാതളനാരങ്ങാ മരങ്ങളും മാതളനാരങ്ങയും തത്തകൾ നശിപ്പിച്ചുവെന്നായിരുന്നു പരാതി.
സമീപത്തെ വന്യജീവി സങ്കേതത്തിൽ നിന്നുള്ള തത്തകളാണ് മരങ്ങൾ നശിപ്പിച്ചതെന്നും അതിനു നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം. 200 മരങ്ങളാണ് തത്തകൾ നശിപ്പിച്ചത്. ഓരോ മരത്തിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. കാട്ടാന, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചെങ്കിൽ മാത്രമേ നഷ്ടപരിഹാരം നൽകാൻ കഴിയൂ എന്നായിരുന്നു സർക്കാരിന്‍റെ വാദം. എന്നാൽ കോടതി ഈ വാദം തള്ളി. ചില ഇനം വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകൂ എന്നില്ല. ഏത് വന്യജീവികൾ വിള നശിപ്പിച്ചാലും നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. 1972ലെ ആക്റ്റ് പ്രകാരം വന്യജീവികൾ എല്ലാം സംസ്ഥാനത്തിന്‍റെ ഉടമസ്ഥതയിലുള്ളവയാണ്. അതു കൊണ്ടു തന്നെ തത്തകളും അക്കൂട്ടത്തിൽ ഉള്ളവയാണെന്നതിൽ തർക്കമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്‍റെ പഴത്തോട്ടത്തിലെ പാതി മാതളനാരങ്ങകളും തത്തകൾ നശിപ്പിച്ചുവെന്ന് കാണിച്ച് വനം വകുപ്പിനും പ്രാദേശിക കൃഷി അധികൃതർക്കും കർഷകൻ പരാതി നൽകിയിരുന്നു. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കർഷകൻ അവകാശപ്പെടുന്നത്. തത്തകൾ വന്യജീവി അല്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നത്.
എല്ലാ പൗരന്മാരും വന്യജീവികളുടെ സംരക്ഷകരാകണമെന്നാണ് നിയമം. എന്നാൽ വന്യജീവികൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെല്ലാം പൗരന്മാർ സഹിക്കേണ്ടതില്ലെന്നും അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അതു ജനങ്ങളിൽ അതു നിരാശയുണ്ടാക്കുമെന്നും കോടതി വിലയിരുത്തി. ജനങ്ങൾ സ്വന്തം വിളവു സംരക്ഷിക്കുന്നതിനായി സ്വയമുണ്ടാക്കുന്ന പ്രതിരോധങ്ങൾ ചിലപ്പോൾ വന്യജീവികൾക്ക് ദോഷമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.