പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം

External Affairs Minister S. Jaishankar

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Updated on

ന്യൂഡൽഹി: പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാം പാസ്പോർട്ട് സേവാ ദിനമായ ജൂണ്‍ 24നാണ്‌ കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വിദേശത്തായിരിക്കുമ്പോൾ ഇന്ത്യക്കാരുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇതു പൗരത്വ രേഖയല്ല, മറിച്ച് യാത്രാ രേഖ മാത്രമാണ്. നിരവധി പരിശോധനകൾക്കു ശേഷവും വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള രേഖകളെ അടിസ്ഥാനമാക്കിയുമാണ് പാസ്പോർട്ട് അനുവദിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

ആധാറും വോട്ടർ ഐഡി കാർഡും പൗരത്വ രേഖയായി പരിഗണിക്കാനാവില്ലെന്നു കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ആധാർ പ്രാഥമികമായ തിരിച്ചറിയൽ രേഖയും വോട്ടർ ഐഡി താമസരേഖയുമാണെന്നായിരുന്നു വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.

പൗരത്വ നിയമപ്രകാരം 1950 ജനുവരി 26നോ അതിനുശേഷമോ മുതൽ 1987 ജൂലൈ ഒന്നുവരെ രാജ്യത്ത് ജനിച്ച എല്ലാവരും ജനനം കൊണ്ട് ഇന്ത്യൻ പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനുശേഷം ഇന്ത്യൻ പൗരന്മാർക്കു ജനിച്ച കുട്ടികൾക്കും ജനനം കൊണ്ട് പൗരത്വമുണ്ട്. 2004 ഡിസംബർ മൂന്നിനോ അതിനുശേഷമോ ജനിച്ച കുട്ടികളുടെ മാതാപിതാക്കൾ ഇരുവരും ഇന്ത്യൻ പൗരന്മാരാണെങ്കിലും പൗരത്വം ലഭിക്കും. മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനായിരിക്കുകയും രണ്ടാമത്തെയാൾ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയും ചെയ്താലും പൗരത്വം ലഭിക്കും.

logo
Metro Vaartha
www.metrovaartha.com