

പ്രമുഖ കമ്പനിയുടെ മല്ലിപ്പൊടിയിൽ കീടനാശിനി; തിരിച്ചു വിളിച്ച് ഫൂഡ് സേഫ്റ്റി അഥോറിറ്റി
ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷാ നിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഷാലിമാഴ്സ് ഷെഫിന്‍റെ മല്ലിപ്പൊടി വിപണിയിൽ നിന്ന് തിരിച്ചു വിളിച്ച് ഫൂഡ് സേഫ്റ്റി സ്റ്റാൻഡേഴ്സ് അഥോറിറ്റി. നീൽഗിരി ഓയിൽ ആൻഡ് അല്ലീഡ് ഇൻഡസ്ട്രീസാണ് ഈ ഉത്പന്നം നിർമിച്ചിരുന്നത്. അക്വാഗ്രി പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കാരജീനനും തിരിച്ചു വിളിച്ചിട്ടുണ്ട്. വിഭവങ്ങൾക്ക് കട്ടി കൂട്ടാനും കുറുക്കിയെടുക്കാനുമാണ് റെഡ് സീ വീഡ്സിൽ നിന്ന് ഉണ്ടാക്കുന്ന കാരജീനൻ ഉപയോഗിച്ചു വരുന്നത്.
ഷാലിമാഴ്സ് ഷെഫ് മല്ലിപ്പൊടി പരിശോധിച്ചപ്പോൾ കീടനാശിനികളുടെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ഉത്പന്നം ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്നും ഫൂഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യത്തെ പരിശോധനയിൽ കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് കമ്പനി വീണ്ടും പരിശോധന നടത്തി. എന്നാൽ രണ്ടാമത്തെ പരിശോധനയിലും കീടനാശിനികളുടെ അംശം കണ്ടെത്തിയതാണ് ഉത്പന്നം തിരിച്ചു വിളിക്കാൻ കാരണമായത്.
അക്വാഗ്രിയുടെ കാരജീനത്തിൽ കാഡ്മിയത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതാണ് തിരിച്ചു വിളിക്കാൻ കാരണമായത്.