ജന്തർ മന്തറിൽ പ്രതിഷേധത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി

പുതിയ പ്രതിഷേധ വേദികളുടെ ലഭ്യതയും അനുയോജ്യതയും സംബന്ധിച്ച ആശങ്കയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്
Petition filed in the Supreme Court against the restrictions imposed on protests at Jantar Mantar.

ജന്തർ മന്തറിൽ പ്രതിഷേധത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി

Updated on: 

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി. ഒക്റ്റോബർ 11നാണ് ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ ഉത്തരവ് ഇറക്കിയത്. ഇതിനു പിന്നാലെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്.

ജന്തർ മന്തറിന് പകരം രാംലീല മൈതാനം, ബുരാഡി മൈതാനം, സിബിഡി മൈതാനം എന്നിവയാണ് പുതിയ പ്രതിഷേധ വേദികളായി നിശ്ചയിച്ചിരിക്കുന്നത്. പുതിയ വേദികളിൽ പ്രതിഷേധം നടത്തുമ്പോൾ പാലിക്കേണ്ട സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

പുതിയ പ്രതിഷേധ വേദികളുടെ ലഭ്യതയും അനുയോജ്യതയും സംബന്ധിച്ച ആശങ്കയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. മുൻപ് ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി സുപ്രീം കോടതി അംഗീകരിച്ചതും രാംലീല മൈതാനം അനുയോജ്യമല്ലെന്ന് വ്യക്തമാക്കിയതും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രതിഷേധ വേദികളിൽ ചിലത് ഡൽഹിയിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക് സമീപമാണെന്നും പൊതുജനങ്ങൾക്ക് കൂടിച്ചേരാൻ യോഗ്യമല്ലെന്നും ഹർജിയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹർജിക്കാരന് വേണ്ടി മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഹാജരാകുമെന്നാണ് വിവരം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ജന്തർ മന്തറിൽ പ്രതിഷേധം പതിവായതോടെയാണ് പുതിയ പ്രതിഷേധ വേദികൾ കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. സെൻട്രൽ ഡൽഹിയിലാണ് ജന്തർ മന്തർ സ്ഥിതിചെയ്യുന്നത്. പാർലമെന്‍റിൽ നിന്ന് 1.5 കിലോമീറ്റർ മാത്രമാണ് ജന്തർ മന്തറിലേക്കുള്ള ദൂരം. ജന്തർ മന്തറിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് സെൻട്രൽ ഡൽഹിയിൽ തന്നെയുള്ള രാംലീല മൈതാനം. എന്നാൽ രാംലീല മൈതാനം ഉപയോഗിക്കണമെങ്കിൽ പ്രതിദിനം 1.21 ലക്ഷം രൂപ വാടക നൽകണം. ജന്തർ മന്തറിൽ നിന്ന് 12 കിലോമീറ്റർ അകലെ ഈസ്റ്റ് ഡൽഹിയിലാണ് സിബിഡി മൈതാനം. മറ്റൊരു പ്രതിഷേധ വേദിയായ ബുരാഡി മൈതാനം ജന്തർ മന്തറിൽ നിന്ന് 21 കിലോമീറ്റർ അകലെ നോർത്ത് ഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com