ഓൺലൈൻ ഗെയിമിങ് നിയമത്തിനെതിരായ ഹർജികൾ; അന്തിമ വാദം കേൾക്കാൻ സുപ്രീം കോടതി

ചൂതാട്ട, വാതുവയ്പ്പ് പ്ലാറ്റ്ഫോമുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും
Supreme Court to hear final arguments on petitions against online gaming laws

ഓൺലൈൻ ഗെയിമിങ് നിയമത്തിനെതിരായ ഹർജികളിൽ അന്തിമ വാദം കേൾക്കാൻ സുപ്രീം കോടതി

Updated on

ന്യൂഡൽഹി: 2026ൽ പ്രാബല്യത്തിൽ വന്ന ഓൺലൈൻ ഗെയിമിങ് പ്രോത്സാഹന-നിയന്ത്രണ നിയമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ അന്തിമ വാദം കേൾക്കാൻ സുപ്രീം കോടതി ബുധനാഴ്ച സമ്മതിച്ചു. ഓൺലൈൻ ചൂതാട്ട, വാതുവയ്പ്പ് പ്ലാറ്റ്ഫോമുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സെന്‍റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമിക് ചേഞ്ച് (സിഎഎസ്‌സി) സമർപ്പിച്ച പൊതുതാൽപര്യ ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെയുള്ള കക്ഷികളുടെ അഭിഭാഷകരോട് അതിനുമുൻപ് എല്ലാ മറുപടികളും സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചു. സിഎഎസ്‌സിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിരാഗ് ഗുപ്ത, 2025 ഒക്ടോബർ 17ന് ജസ്റ്റിസ് ജെ.ബി. പാർദിവാല അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ഹർജിയിൽ മറുപടി നൽകാൻ നിർദേശിച്ചിരുന്നുവെന്ന് കോടതിയെ അറിയിച്ചു. ഇന്ത്യയിൽ നിയമം നിലവിലുണ്ടായിട്ടും ചൂതാട്ടവും വാതുവയ്പ്പും നടത്തുന്ന 2,000 ഗെയിമിങ് ആപ്പുകളുടെ പട്ടിക കോടതിക്കും കേന്ദ്ര സർക്കാരിനും നൽകിയിരുന്നുവെന്നും, ഇതുവരെ സർക്കാർ മറുപടി സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്സ്-ഐടി, വാർത്താവിതരണം, ധനകാര്യം, യുവജനകാര്യ-കായിക മന്ത്രാലയങ്ങൾ ചേർന്ന് ഓൺലൈൻ ഗെയിമിങ് നിയമവും സംസ്ഥാന നിയമങ്ങളും യോജിച്ച രീതിയിൽ വ്യാഖ്യാനിച്ച് ചൂതാട്ട, വാതുവയ്പ്പ് ഗെയിമുകൾ നിരോധിക്കണമെന്നാണ് സിഎഎസ്‌സിയുടെ ആവശ്യം. ഉത്തർപ്രദേശ് മുൻ ഡിജിപി വിക്രം സിങ്, ശൗര്യ തിവാരി എന്നിവരാണ് സിഎഎസ്‌സിയെ പ്രതിനിധീകരിക്കുന്നത്. അതേസമയം, ഡോ. കെ.എ. പോൾ ആണ് നിയമത്തിലെ വിവിധ വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജികളുടെ പ്രധാന ഹർജിക്കാരൻ.

logo
Metro Vaartha
www.metrovaartha.com