

പെട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമാക്കി മാറ്റാം; ഒരു വണ്ടിക്ക് 50,000 രൂപ, പുതിയ ഇവി പോളിസി
ന്യൂഡൽഹി: പെട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനങ്ങളാക്കി അവസരമൊരുക്കാനായി ഡൽഹി സർക്കാർ. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഡൽഹി സർക്കാരിന്‍റെ പുതിയ നീക്കം. ഇലക്ട്രിക് വെഹിക്കിൾ (ഇവി)2.0 നയം അപ്ഡേറ്റ് ചെയ്യാനൊരുങ്ങുകയാണ് സർക്കാർ. നയത്തിന്‍റെ കരട് രേഖ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്‍റ് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള പെട്രോൾ- ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമായി മാറ്റുന്നവർക്ക് ഒരു വാഹനത്തിന് 50,000 രൂപയെന്ന കണക്കിൽ ഇൻസെന്‍റീവ് നൽകാനും ഇവി പോളിയിൽ നീക്കമുണ്ട്. ആദ്യത്തെ ആയിരം പേർക്കായിരിക്കും ഈ ഓഫർ ലഭിക്കുക.
ഇതുവഴി പദ്ധതി വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിലുള്ള ഗിയർബോക്സുമായി ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ സംയോജിപ്പിക്കുന്നതാണ് ഇതിൽ ഉൾപ്പെടുന്നത്.
പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഘടകങ്ങളുടെ ഒരു കൂട്ടമാണ് ഈ കൺവേർഷൻ കിറ്റുകൾ. അവയിൽ ഒരു ഇലക്ട്രിക് മോട്ടോർ, കൺട്രോളർ, ബാറ്ററി പായ്ക്ക്, ചാർജിംഗ് സിസ്റ്റം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഈ പ്രക്രിയയിൽ, ആന്തരിക ജ്വലന എഞ്ചിനും അനുബന്ധ ഭാഗങ്ങളും ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. 2 മുതൽ 3.5 ലക്ഷം രൂപ വരെയാണ് ഇതിന് ചെലവാകുക. വാഹനത്തിന്‍റെ പഴക്കവും വലുപ്പവും അനുസരിച്ച് ചെലവിൽ മാറ്റമുണ്ടായേക്കാം. മാത്രമല്ല 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളോ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളോ നിരത്തിലിറക്കരുതെന്ന നിയമത്തിൽ നിന്നും രക്ഷപെടാനും സാധിക്കും.