

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് വീണ സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. വിമാനത്തിലെ പ്രധാന പൈലറ്റിന്‍റെ രണ്ടാമത്തെ ഡോപ്പ് ടെസ്റ്റ് റിസൾട്ടിലും ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരിജുവാനയാണ് പൈലറ്റ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 4ന് ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി യാത്ര ചെയ്തിരുന്ന എഐ 2379 വിമാനമാണ് ഉയർന്നു പറക്കുന്നതിനിടെ അപ്രതീക്ഷിതമായി 300 അടി താഴ്ചയിലേക്ക് വീണത്. താഴേക്ക് പതിക്കും മുൻപ് തന്നെ വിമാനം നിയന്ത്രണത്തിലാക്കി.
പിന്നീട് ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനം ആകാശച്ചുഴിയിൽ പെട്ടുവെന്നായിരുന്നു പ്രാഥമിക നിഗമനം. വിമാനം പെട്ടെന്ന് താഴേക്ക് പോയതിനെത്തുടർന്ന് രണ്ട് ജീവനക്കാർക്ക് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 13 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. വിമാനം താഴേക്ക് വീഴുന്ന സമയത്ത് പ്രധാന പൈലറ്റ് സീറ്റിൽ ഉണ്ടായിരുന്നില്ല. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കോ പൈലറ്റ് ശ്രമിച്ചതിന്‍റെ ഭാഗമായാണ് വിമാനം താഴേക്ക് പോയതെന്നാണ് റിപ്പോർട്ട്.
ഒരു മിനിറ്റോളം വിമാനത്തിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പല സ്വിച്ചുകളും ഓഫായിപ്പോയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ രണ്ടു പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്ക വിധേയരാക്കി. ഇതിൽ പ്രധാന പൈലറ്റ് ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന്നാണ് വിശദമായ പരിശോധനയും നടത്തിയത്.