

എയർ ഇന്ത‍്യ വിമാനാപകടം; നിലവിലെ അന്വേഷണത്തിൽ വീഴ്ച, ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് പൈലറ്റുമാരുടെ അസോസിയേഷൻ
ന‍്യൂഡൽഹി: കഴിഞ്ഞ വർഷം ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത‍്യ 787 ഡ്രീംലൈനർ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് പൈലറ്റുമാരുടെ അസോസിയേഷനായ ഫെഡഫറേഷൻ ഓഫ് ഇന്ത‍്യൻ പൈലറ്റ്സ് ( എഫ്ഐപി) ആവശ‍്യപ്പെട്ടു.
നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നും അപകടത്തിനു പിന്നിലെ സത‍്യം കണ്ടെത്താൻ ജുഡീഷ‍്യൽ അന്വേഷണം ആവശ‍്യമാണെന്നും എഫ്ഐപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടം ഉത്തരം ലഭിക്കാത്ത നിരവധി ചോദ‍്യങ്ങളുണ്ടെന്നാണ് എഫ്ഐപി പറയുന്നത്. വിമാനത്തിൽ രണ്ട് ബ്ലാക്ക് ബോക്സുകൾ ഉണ്ടായിരുന്നതായും മുൻവശത്തെ ബ്ലാക്ക് ബോക്സിന് കുറഞ്ഞ കേടുപാടുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് അസോസിയേഷൻ പ്രസിഡന്‍റ് ക‍്യാപ്റ്റൻ സി.എസ്. രന്ധാവ പറയുന്നത്. എന്നാൽ പിറകു വശത്തെ ബ്ലാക് ബോക്സിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചെന്നും ഇക്കാര‍്യത്തിൽ വിദഗ്ധരുടെ പരിശോധന ആവശ‍്യമാണെന്നും അദ്ദേഹം പറഞ്ഞു.