'നിങ്ങൾ ചെലവ് ചുരുക്കുക, വിദേശയാത്രകൾ ഞാനേറ്റു!' ട്രോളുകൾക്കിടയിൽ പ്രധാനമന്ത്രിയും ചെലവ് ചുരുക്കുന്നു

പ്രധാനമന്ത്രിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചു. വാഹനവ്യൂഹത്തിൽ പരമാവധി പെട്രോൾ, ഡീസൽ വാഹനങ്ങൾ മാറ്റി ഇലക്‌ട്രിക് വാഹനങ്ങളാക്കും
PM foreign tours vs public austerity debate

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം.

Updated on

ന്യൂഡൽഹി: അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കി വിദേശനാണ്യം ലാഭിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി ത്രിരാഷ്ട്ര പര്യടനത്തിനു പറക്കാനൊരുങ്ങുന്നത് സോഷ്യൽ മീഡിയയിൽ കൗതുകകരമായ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. 'നിങ്ങൾ ജോലിക്കു പോകാൻ മെട്രൊ ട്രെയിൻ ഉപയോഗിക്കണം, ഞാൻ വിമാനത്തിൽ പോയി വരാം' എന്ന മട്ടിലുള്ള ഈ 'ദേശീയ ഉത്തരവാദിത്വത്തെ' സോഷ്യൽ മീഡിയ ട്രോളുകൾ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ജനങ്ങൾ സ്വർണം വാങ്ങാതെ ലാഭിക്കുന്ന വിദേശനാണ്യം പ്രധാനമന്ത്രിയുടെ വിമാന ഇന്ധനത്തിനായി ഉപയോഗിക്കാമല്ലോ എന്നാണ് വിമർശകരുടെ പരിഹാസം. 'ചെലവ് ചുരുക്കൽ ജനങ്ങൾക്ക്, വിശ്വഗുരുത്വം എനിക്ക്' എന്ന ലൈനിലാണ് കാര്യങ്ങളുടെ പോക്കെന്നും ചില ട്രോളർമാർ പറയുന്നു.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച യുഎഇ, സ്വീഡൻ, നെതർലൻഡ്സ് സന്ദർശനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും പ്രധാനമന്ത്രി സ്വന്തം നിലയ്ക്ക് ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപച്ചിട്ടുണ്ട്. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും, വാഹനവ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനും അദ്ദേഹം നിർദേശം നൽകിക്കഴിഞ്ഞു.

ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് ചെലവ് ചുരുക്കൽ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടികൾ. ഇതുവഴി ഇന്ധന ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കാമെന്നാണ് പ്രതീക്ഷ. വാഹന വ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്നും കർശന നിർദേശമുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ബ്ലൂ ബുക്കിലെ സുരക്ഷാ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ എസ്പിജി നടപടികളും തുടങ്ങി.

PM foreign tours vs public austerity debate
കടുത്ത നടപടി: സ്വർണത്തിനു തീരുവ കൂട്ടി, വില കുതിക്കും

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ചെലവ് ചുരുക്കൽ മാതൃക ഏറ്റെടുത്തിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ തങ്ങളുടെ ഔദ്യോഗിക അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു.

ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ചെലവ് ചുരുക്കാൻ പ്രധാനമന്ത്രി നേരത്തേ പൗരന്മാരോട് അഭ്യർഥിച്ചിരുന്നു. ഡീസൽ, പെട്രോൾ ഉപയോഗം കുറയ്ക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക, അനാവശ്യമായ വിദേശയാത്രകൾ മാറ്റിവയ്ക്കുക, പൊതുഗതാഗത സംവിധാനങ്ങളോ കാർ പൂളിങ് രീതികളോ സ്വീകരിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ.

ആഗോള സാമ്പത്തിക പ്രതിസന്ധികളെയും വിതരണ ശൃംഖലയിലെ തടസങ്ങളെയും നേരിടാൻ ജനങ്ങൾ ഒത്തൊരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 'എല്ലാ കാര്യങ്ങൾക്കും നമ്മൾ ഇറക്കുമതിയെ ആശ്രയിച്ചാൽ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കും?' എന്ന് ചോദിച്ച അദ്ദേഹം, പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്വമുള്ള ജീവിതശൈലി സ്വീകരിക്കാനും രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com