പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്കൊപ്പം ഭക്ഷണം കഴിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്കൊപ്പം ഭക്ഷണം കഴിക്കുന്നു.

'വരൂ, നിങ്ങള്‍ക്കൊരു ശിക്ഷ തരാം'; പാർലമെന്‍റ് കാന്‍റീനിൽ എംപിമാർക്കൊപ്പം ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി

ചോറ്, ദാല്‍, കിച്ച്ഡി, ടില്‍ കാ ലഡു തുടങ്ങി വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമായിരുന്നു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്.

ന്യൂഡൽഹി: പതിനേഴാം ലോക്സഭ അവസാന സമ്മേളനത്തിലൂടെ കടന്നുപോകുന്നതിനിടെ എംപിമാർക്കൊപ്പം ഉച്ചഭക്ഷണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റ് ക്യാന്‍റീനിൽ. ഇന്നലെ ഉച്ചയ്ക്കാണ് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെ എംപിമാരെ അമ്പരപ്പിച്ച് മോദി ക്യാന്‍റീലിലെത്തിയത്. ബിജെപി എംപിമാരായ ഹീന ഗാവിത്, എസ്.ഫങ്നോണ്‍ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാല്‍, എല്‍.മുരുകന്‍, ടിഡിപി എംപി രാംമോഹന്‍ നായിഡു, ബിഎസ്പി എംപി ഋതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പാത്ര, പ്രേമചന്ദ്രന്‍ എന്നിവർക്കായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം.

ഉച്ചയ്ക്ക് 2.30 ന് ശേഷമാണ് എംപിമാര്‍ക്ക് അനൗപചാരിക ഉച്ചഭക്ഷണ പരിപാടിയെക്കുറിച്ച് വിവരം ലഭിച്ചത്. വരൂ, നിങ്ങള്‍ക്കൊരു ശിക്ഷ നല്‍കാമെന്നു പറഞ്ഞ പ്രധാനമന്ത്രി എംപിമാരെ ക്യാന്‍റീനിലേക്ക് ഒപ്പം കൂട്ടി. ചോറ്, ദാല്‍, കിച്ച്ഡി, ടില്‍ കാ ലഡു തുടങ്ങി വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമായിരുന്നു ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്.

തീൻമേശയിലെ 45 മിനിറ്റിൽ എംപിമാരും പ്രധാനമന്ത്രിയും തമ്മില്‍ രസകരമായ സംഭാഷണങ്ങളുമുണ്ടായി. പ്രധാനമന്ത്രിയുടെ ജീവിതശൈലിയെ കുറിച്ചായിരുന്നു എംപിമാര്‍ ചോദിച്ചത്. എപ്പോഴാണ് രാവിലെ എഴുന്നേല്‍ക്കുന്നതെന്നും തിരക്കിട്ട ഷെഡ്യൂൾ എങ്ങനെ പാലിക്കുന്നുവെന്നുമുള്ള ചോദ്യങ്ങൾക്ക് മോദി മറുപടി നൽകി. പ്രധാനമന്ത്രിയോടൊപ്പമാണ് നമ്മല്‍ ഇരിക്കുന്നതെന്ന് ഒരിക്കലും തോന്നാത്ത രീതിയിലായിരുന്നു മോദിയുടെ പെരുമാറ്റമെന്ന് എംപിമാർ. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചതും വിദേശയാത്രകളും അബുദാബിയിലെ ക്ഷേത്രവുമെല്ലാം ചർച്ചാ വിഷയമായി. ഭക്ഷണത്തിനുശേഷം പണം നൽകാൻ മോദി തന്‍റെ ഉദ്യോഗസ്ഥരോടു നിർദേശിക്കുകയും ചെയ്തു.