സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ മോദി ന്യൂസിലൻഡിലേക്ക്

അടുത്ത ആഴ്ചയോടെ മോദി ന‍്യൂസിലൻഡിലെത്തുമെന്ന് ന‍്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സ്ഥിരീകരിച്ചു
pm modi new zeland visit update

ക്രിസ്റ്റഫർ ലക്സൺ, നരേന്ദ്ര മോദി

Updated on

വെല്ലിങ്ടൺ: ന‍്യൂസിലൻഡ് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ആഴ്ചയോടെ മോദി ന‍്യൂസിലൻഡിലെത്തുമെന്ന് ന‍്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സ്ഥിരീകരിച്ചു.

എന്നാൽ എന്നാണ് മോദി എത്തുന്നതെന്ന തീയതി വെളിപ്പെടുത്തിയിട്ടില്ല. ലോകത്തിൽ തന്നെ ഏറ്റവും വലുതും വളർന്നുകൊണ്ടിരിക്കുന്നതുമായ സമ്പദ്‌വ‍്യവസ്ഥയാണ് ഇന്ത‍്യയ്ക്കുള്ളതെന്നും ന‍്യൂസിലൻഡിന്‍റെ സാമ്പത്തിക അഭിവൃദ്ധിയിൽ ഇന്ത‍്യയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന‍്യൂസിലൻഡ്- ഇന്ത‍്യ സ്വതന്ത്ര വ‍്യാപാര കരാറിലൂടെ ഇരുരാജ‍്യങ്ങളും തമ്മിലുള്ള ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നും ഇതുവഴി ന‍്യൂസിലൻഡിന് ഉയർന്ന കയറ്റുമതിയും കൂടുതൽ തൊഴിൽ അവസരങ്ങളും ശക്തമായ സാമ്പത്തിക വളർച്ചയും ഉറപ്പാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചരക്ക്- സേവന വ‍്യാപാരവും നിക്ഷേപങ്ങളും വർധിപ്പിക്കുന്നതിനായി ഇരുരാജ‍്യങ്ങളും തമ്മിൽ സ്വതന്ത്ര വ‍്യാപാര കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരം ഇന്ത‍്യയിൽ നിന്നും ന‍്യൂസിലൻഡിലേക്ക് കയറ്റി അയക്കുന്ന 100 ശതമാനം ഉത്പന്നങ്ങൾക്കും പൂർണമായ നികുതിയിളവ് ലഭിക്കും.

പസഫിക് മേഖലകളിലെ വിപണിയിലേക്ക് ഇന്ത‍്യയ്ക്ക് പ്രവേശനം ലഭിക്കുമെന്നതാണ് ഈ കരാർ മുഖേന ഇന്ത‍്യയ്ക്കുണ്ടാകുന്ന പ്രധാന നേട്ടം. അതേസമയം, ആഗോള വ‍്യാപാര രംഗത്ത് വലിയ തോതിൽ അസ്ഥിരത നിലനിൽക്കുന്നതിനാൽ വലിയൊരു സമ്പദ്‌വ‍്യവസ്ഥയിലേക്ക് സുരക്ഷിതമായ വിപണി ഉറപ്പാക്കാൻ ന‍്യൂസിലൻഡിന് സാധിക്കും.

logo
Metro Vaartha
www.metrovaartha.com