
ജക്കാർത്ത: നയതന്ത്ര പങ്കാളിത്തവും ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും അടക്കമുള്ള മേഖലകളിൽ ഇന്ത്യ- ആസിയാൻ സഹകരണം ശക്തമാക്കുന്നതിനായി 12 ഇന നിർദേശം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഇരുപതാമത് ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോണും ഉച്ചകോടിയിൽ പങ്കെടുത്തു. ഭീകരവാദത്തിനെതിരേയുള്ള ചെറുത്തു നിൽപ്പ്, ട്രേഡ്, കണക്റ്റിവിറ്റി, സാമ്പത്തിക സഹകരണം എന്നിവയും നിർദേശങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ദക്ഷിണ-പൂർവ ഏഷ്യ- ഇന്ത്യ- പശ്ചിമ ഏഷ്യ, - യൂറോപ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയും മൾട്ടി മോഡൽ കണക്റ്റിവിറ്റിയും നിർദേശങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ ജക്കാർത്തയിലെത്തിയ പ്രധാനമന്ത്രി ആസിയാൻ ഉച്ചകോടിക്കു ശേഷം ഈസ്റ്റ് ഏഷ്യൻ ഉച്ചകോടിയിലും പങ്കെടുക്കും. 18 രാജ്യങ്ങളാണ് ഈസ്റ്റ് ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.