
മസൂദ് പെസഷ്കി |നരേന്ദ്ര മോദി
ന്യൂഡൽഹി: ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ച മോദി എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചു' മോദി എക്‌സില്‍ കുറിച്ചു.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയുമായി മോദി 45 മിനിറ്റോളം സംസാരിച്ചതായാണ് വിവരം. ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിൽ അമെരിക്ക കൂടി പങ്കാളിയായതിനിടെയാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച എന്നത് ശ്രദ്ധേയമാണ്.