
'ഇന്ത്യ കാത്തിരിക്കുന്നു, രാജ്യത്തിന്‍റെ ശ്രേഷ്ഠയായ മകൾക്കായി'; സുനിത വില്യംസിന് മോദിയുടെ കുറിപ്പ്
ന്യൂഡൽഹി: ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ഇന്ത്യൻ വംശജയായ യുഎസ് അസ്ട്രൊനോട്ട് സുനിത വില്യംസിനു വേണ്ടി കത്ത് പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യം നിങ്ങളുടെ നേട്ടങ്ങളാൽ അഭിമാനിക്കുകയാണെന്നും നിങ്ങളുടെ തിരിച്ചു വരവിനായി പ്രാർഥനകളോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കുറിപ്പിന്‍റെ പൂർണ രൂപം:
സുനിത വില്യംസ്,
ഇന്ത്യൻ ജനതയുടെ ആശംസകൾ ഞാൻ നിങ്ങൾക്ക് കൈമാറുന്നു. പേരു കേട്ട ബഹിരാകാശ യാത്രികനായ മൈക് മാസിമിനോയെ ഇന്നൊരു പരിപാടിക്കിടെ കണ്ടു ുട്ടി, സംഭാഷണത്തിനിടെ നിങ്ങളുടെ പേരും കടന്നു വന്നു. താങ്കളും താങ്കളുടെ അധ്വാനവും ഞങ്ങളെ എത്രമേൽ അഭിമാനഭരിതരാക്കുന്നുവെന്നത് ഞങ്ങളുടെ ചർച്ചയിൽ ഇടംപിടിച്ചു. അതിനു ശേഷം നിങ്ങൾക്കായി ഇത്രയും കുറിക്കാതിരിക്കാൻ എനിക്കു സാധിച്ചില്ല.
യുഎസ് സന്ദർശനത്തിനിടെ എപ്പോഴെല്ലാം പ്രസിഡന്‍റായിരുന്ന ബൈഡനെയോ പ്രസിഡന്‍റ് ട്രംപിനെയോ കണ്ടു സംസാരിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഞാൻ നിങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചിരുന്നു.
1.4 ബില്യൺ വരുന്ന ഇന്ത്യക്കാരെയും അഭിമാനപൂരിതരാക്കുന്നതാണ് നിങ്ങളുടെ നേട്ടങ്ങൾ. അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾക്കിടെ നിങ്ങൾ കാണിച്ച പ്രചോദനാത്മകമായ ഉൾക്കരുത്തും സ്ഥിരോത്സാഹവും അതു വീണ്ടും വ്യക്തമാക്കുന്നു.
ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിൽ പോലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിനോട് തൊട്ടടുത്തു തന്നെയുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനും വിജയത്തിനുമായി ഇന്ത്യക്കാരെല്ലാം പ്രാർഥിക്കുന്നുണ്ട്.
ബോണി പാണ്ഡ്യ നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരിക്കും. ദീപക് ഭായിയുടെ ആത്മാവ് നിങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നുണ്ടെന്നും എനിക്കുറപ്പാണ്. 2016ൽ യുഎസ് സന്ദർശനത്തിനിടെ നിങ്ങളെ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയത് എനിക്കോർമയുണ്ട്.
ഭൂമിയിലേക്ക് തിരിച്ചെത്തിയതിനു ശേഷം ഇന്ത്യയിലേക്ക് നിങ്ങൾ എത്തുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഇന്ത്യയുടെ ഏറ്റവും ശ്രേഷ്ഠയായ പെൺമക്കളിൽ ഒരാൾക്ക് ആതിഥ്യമരുളുന്നത് ഇന്ത്യയ്ക്ക് ആഹ്ലാദം പകരും.
മിഷേൽ വില്യംസിന് എന്‍റെ ഊഷ്മളമായ അന്വേഷണങ്ങൾ അറിയിക്കുന്നു.
സുരക്ഷിതമായി തിരിച്ചെത്തുന്നതിനായി നിങ്ങൾക്കും ബാരി വിൽമറിനും ആശംസകൾ നേരുന്നു.
നിങ്ങളുടെ
നരേന്ദ്ര മോദി.