"സമയം പാഴാക്കരുത്"; സിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച ഹർജി നിരസിച്ചത്
Supreme Court declines to hear plea against police action on students during CJP protests

സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെയുള്ള ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

സുപ്രീം കോടതി - file image

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ ചോദ്യം ചെയ്ത ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച ഹർജി നിരസിച്ചത്.

പ്രതിഷേധത്തിനിടെ വിദ്യാർഥികൾ പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരയായെന്നും ഇതിന്‍റെ തെളിവായി വീഡിയോകൾ തന്‍റെ കൈവശമുണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ബെഞ്ചിന് താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എന്നാൽ വിദ്യാർഥികളെ മർദിച്ചുവെന്ന ആരോപണം അഭിഭാഷകൻ വീണ്ടും ആവർത്തിക്കുകയും വീഡിയോ തെളിവുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തപ്പോൾ, "ഞങ്ങളുടെ സമയം പാഴാക്കരുത്. ഞങ്ങൾക്ക് വീഡിയോകൾ കാണേണ്ടതില്ല," എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. തുടർന്ന് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ച ദിവസമായ തിങ്കളാഴ്ച സിജെപി സംഘടിപ്പിച്ച പാർലമെന്‍റ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെയാണ് ഹർജി. പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർഥികളും യുവജനങ്ങളും പ്രതിഷേധത്തിൽ അണിനിരന്നിരുന്നു. പ്രതിഷേധക്കാർ പാർലമെന്‍റിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ സുരക്ഷാസേനയുമായി സംഘർഷമുണ്ടാവുകയും, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് നടപടിയിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു.

logo
Metro Vaartha
www.metrovaartha.com