മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ

വ്യാഴാഴ്ച മുംബൈയിൽ സുനേത്ര പവാറിന്‍റെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്
Sunetra Pawar, Prashant Kishor

സുനേത്ര പവാർ, പ്രശാന്ത് കിഷോർ

Updated on

മുംബൈ: ബിഹാറിൽ അടുത്തിടെ നടന്ന ബങ്കിപുർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച മുംബൈയിൽ സുനേത്ര പവാറിന്‍റെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

എൻസിപി അധ്യക്ഷ കൂടിയായ സുനേത്ര പവാറുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തിയ വിവരം പാർട്ടി നേതാവ് സഞ്ജയ് ഖോഡ്കെയാണ് അറിയിച്ചത്. എന്നാൽ, ഇരുവരും തമ്മിലുള്ള ചർച്ചയുടെ വിശദാംശങ്ങൾ എൻസിപി നേതൃത്വം പുറത്തുവിട്ടിട്ടില്ല.

ഈ വർഷം ജനുവരിയിൽ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ സുനേത്ര പവാറിന്‍റെ ഭർത്താവും അന്നത്തെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ മരിച്ചതിന് ശേഷം പ്രശാന്ത് കിഷോർ സുനേത്ര പവാറിനെ കാണുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശാന്ത് കിഷോർ കുടുംബത്തിന് പരിചിതനാണെന്ന് സുനേത്ര പവാറിന്‍റെ മകനും എൻസിപി നേതാവുമായ പാർത് പവാർ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ നിരവധി നേതാക്കളുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിലാണ് പ്രശാന്ത് കിഷോർ ശ്രദ്ധേയനായത്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി ജന്‍ സുരാജ് പാർട്ടി രൂപീകരിക്കുകയായിരുന്നു.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്ന നിതിൻ നബിൻ ബങ്കിപുർ എംഎൽഎ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

logo
Metro Vaartha
www.metrovaartha.com