

മേജർ ഋഷഭ് സിങ് സാംബ്യാൽ
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ എയ്ഡ്-ഡി-കാമ്പ് ആയിരുന്ന ഋഷഭ് സിങ് സാംബ്യാൽ സമൂഹ മാധ്യമങ്ങളിൽ വളരെ വൈറലായ ആളായിരുന്നു. നാഷണൽ ക്രഷ് എന്നാണ് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 12 വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം സേവനം അവസാനിപ്പിച്ച് സൈന്യത്തിൽ നിന്ന് സ്വയം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
വിരമിച്ച ശേഷം എഡിസി കാലത്തെ അനുഭവങ്ങൾ പറയുകയാണ് അദ്ദേഹം. രാജ് ഷാമനിയുടെ പോഡ്‌കാസ്റ്റിലാണ് റിഷഭ് സിങ് അതിഥിയായെത്തിയത്. പ്രസിഡന്‍റിന്‍റെ എഡിസിയായിരുന്ന കാലത്തെ ഏറ്റവും വലിയ ത്യാഗമെന്തായിരുന്നെന്ന ചോദ്യത്തിന് ഋഷഭ് സിങ് നൽകിയ മറുപടി ശ്രദ്ധേയമായി.
താൻ വിവാഹിതനല്ലെന്നായിരുന്നു റിഷഭിന്‍റെ മറുപടി. രാഷ്ട്രപതിയുടെ എയ്ഡ്-ഡി-കാമ്പുകൾക്ക് വിവാഹം കഴിക്കാൻ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതും സാധാരണ ജീവിതത്തില്‍ നിന്നും മാറി നിന്നതുമാണ് താൻ നൽകിയ ത്യാഗമെന്ന് അദ്ദേഹം പറഞ്ഞു.
എയ്ഡ്-ഡി-കാമ്പായി ശ്രദ്ധേനേടിയെങ്കിവും ഒരിക്കലും സ്വപ്നം കണ്ടിരുന്ന പദവിയായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അങ്ങനെയൊരു തസ്തിക നിലവിലുണ്ടെന്ന് പോലും അറിഞ്ഞതെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞു.
ജമ്മു കശ്മീർ സ്വദേശിയാണ് 31 കാരനായ ഋഷഭ് സിങ് സാംബ്യാൽ. സൈന്യത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് വിരമിച്ച ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു.