ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് യുക്രെയ്‌ൻ സന്ദർശിക്കും. യുക്രെയ്‌നുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇതാദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്. കീവിലെത്തുന്ന മോദി, യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം മോസ്കോയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു മോദിയുടെ യുക്രെയ്‌ൻ സന്ദർശനം.
റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് സഹായം നൽകാൻ ഇന്ത്യ സന്നദ്ധമെന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നാളെ പോളണ്ട് സന്ദർശിച്ചശേഷമാണു മോദി കീവിലേക്കു പോകുന്നത്. 1979ലെ മൊറാർജി ദേശായിയുടെ സന്ദർശനത്തിനു ശേഷം ഇതാദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്.
യുക്രെയ്‌നിൽ നിന്ന് 4,000ലേറെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിൽ പോളണ്ടിന്‍റെ പങ്ക് നിർണായകമായിരുന്നു.