ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

കേസ് ഇനി ഡിസംബർ രണ്ടിനു പരിഗണിക്കും.
Protection of Aravalli mountain ranges: Report to be submitted by November 30

ആരവല്ലി

FILE PHOTO

Updated on

ന്യൂഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനവും സംരക്ഷണവും സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആറു മാസം കൂടി സാവകാശം നൽകണമെന്ന ഉന്നതാധികാര സമിതിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. റിപ്പോർട്ട് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം നീട്ടി നൽകണമെന്നായിരുന്നു സമിതിയുടെ ആവശ്യം. എന്നാൽ, ഇത്രയും സാവകാശം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ ബെഞ്ച് നവംബർ 30നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാന്‍ ആവശ്യപ്പെട്ടു. കേസ് ഇനി ഡിസംബർ രണ്ടിനു പരിഗണിക്കും.

നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ സമിതി പുനഃസംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ്. ആരവല്ലി മലനിരകളെക്കുറിച്ചു സമഗ്രവും വിശദവുമായ പഠനത്തിന് കൂടുതൽ സമയം ആവശ്യമാണെന്നായിരുന്നു ഉന്നതാധികാര സമിതിയുടെ ഹർജിയിൽ പറഞ്ഞിരുന്നത്.

എന്നാൽ, സമിതി രാവും പകലും പ്രവർത്തിക്കട്ടെയെന്നു സുപ്രീം കോടതി പറഞ്ഞു. ആരവല്ലി മേഖലയിലെ പരിസ്ഥിതി സംരക്ഷണം, ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിനും രാജസ്ഥാനിലെയും ഗുജറാത്തിലെയും ഗോത്ര വിഭാഗങ്ങളടക്കം ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേൾക്കുന്നതിനുമാണ് കൂടുതൽ സമയം ആവശ്യപ്പെട്ടതെന്ന് സമിതി പറഞ്ഞു.

ആരവല്ലി കുന്നുകളുടെ നിർവചനം അംഗീകരിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടയിൽ, കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്തിരുന്നു. തുടർന്ന് മേയ് 25നാണ് ഉന്നതാധികാര സമിതി രൂപീകരിച്ചത്. ഓഗസ്റ്റ് 31നകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സമിതിക്കുള്ള നിർദേശം.

പ്രദേശത്തെ ഭൂനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി പരിഗണിക്കൂ എന്ന വിദഗ്ധ സമിതിയുടെ നിർവചനമാണ് വിവാദത്തിനും ഉന്നതാധികാര സമിതിയുടെ രൂപീകരണത്തിനും ഇടയാക്കിയത്. 500 മീറ്റർ പരിധിയിൽ രണ്ടു കുന്നുകളുണ്ടെങ്കിൽ മാത്രമേ ആരവല്ലിയുടെ ഭാഗമാകൂ എന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു. ഇതു പരിഗണിച്ച് 2025 നവംബറിൽ സുപ്രീം കോടതി ഇവിടെ ഖനന നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, ആരവല്ലി നിരകളുടെ 90 ശതമാനവും ഇതോടെ ഖനന നിയന്ത്രണമില്ലാത്ത പ്രദേശമായി മാറുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു. ഡൽഹിയടക്കം ഉത്തരേന്ത്യയിലെ കാലാവസ്ഥ നിലനിർത്തുന്നതിൽ ആരവല്ലിയുടെ പ്രാധാന്യവും ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് വിദഗ്ധ സമിതി റിപ്പോർട്ടിലെ നടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി വിശദ പരിശോധനയ്ക്ക് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com