'ആവശ‍്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരും'; ഝാർഖണ്ഡ് പരീക്ഷാക്രമക്കേടിൽ വിദ‍്യാർഥികൾ

ഓഗസ്റ്റ് അഞ്ചിന് 5 വിദ‍്യാർഥികൾ കൂടി നിരാഹാര സമരം ആരംഭിച്ചിട്ടുണ്ടെന്ന് സമരക്കാരുടെ വക്താവ് രവീന്ദ്ര കുമാർ പാസ്വാൻ പറഞ്ഞു
protest over jpsc exam irregularities enters 12th day in jharkhand

ആവശ‍്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരും; ഝാർഖണ്ഡ് പരീക്ഷാക്രമക്കേടിൽ വിദ‍്യാർഥികൾ

Updated on

റാഞ്ചി: ഝാർഖണ്ഡിലെ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലും മറ്റു നിയമന പരീക്ഷയിലും നടന്ന ചോദ‍്യ പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് വിദ‍്യാർഥികൾ‌ നടത്തുന്ന പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്.

ഓഗസ്റ്റ് അഞ്ചിന് 5 വിദ‍്യാർഥികൾ കൂടി നിരാഹാര സമരം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ ഓരോ ദിവസവും 5 വിദ‍്യാർഥികൾ വീതം നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാരുടെ വക്താവ് രവീന്ദ്ര കുമാർ പാസ്വാൻ പറഞ്ഞു.

സർക്കാരിൽ സമ്മർദം ചെലുത്താൻ വിധാൻ സഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനൊരുങ്ങുകയാണ് വിദ‍്യാർഥികൾ. ജൂലൈ 29 മുതൽ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ അനിശ്ചിതകാല കുത്തിയിരുപ്പ് സമരം നടത്തിവരുകയാണ് ഇവർ.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിഐഡി അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് അന്വേഷണം സിബിഐയോ, വിരമിച്ച ജഡ്ജിമാരുടെ സ്വതന്ത്ര സമിതിയോ അന്വേഷിക്കണമെന്ന് പറയുന്നതെന്ന് ഉദ‍്യോഗാർഥിയായ വിനയ് മെഹ്ത കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു.

സമരം നിലവിൽ സമാധാനപരമായിട്ടാണ് മുന്നോട്ടു പോകുന്നതെങ്കിലും തങ്ങളുടെ ആവശ‍്യങ്ങൾ സർക്കാർ അവഗണിച്ചാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പലാമു ജില്ലയിലെ പവൻ ഗോസ്വാമിയും വ‍്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിന് കോക്റോച്ച് ജനതാ പാർട്ടി അടക്കം വിവിധ സംഘടനകളുടെ പിന്തുണ സമരക്കാർക്ക് ലഭിച്ചിട്ടുണ്ട്.

ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് സമരത്തിന്‍റെ നേതാക്കളിലൊരാളായ ദേവേന്ദ്ര നാഥ് മഹ്തോ കഴിഞ്ഞ ഞായറാഴ്ച മുതൽ നിരാഹാര സമരത്തിലാണ്. പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ ആലോചിച്ചു വരുകയാണെന്ന് മുഖ‍്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര‍്യയും എംഎൽഎയുമായ കൽപ്പന സോറൻ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com