ജ്ഞാനേഷ് കുമാറിന്‍റെ രാജിക്കായി ഡൽഹിയിൽ പ്രതിഷേധം ശക്തം; കപിൽ സിബൽ അടക്കമുള്ള നേതാക്കൾ കസ്റ്റഡിയിൽ

നിലവിൽ ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തിൽ ജന്തർ മന്തർ പരിസരത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്
Protest demanding Gnanesh Kumar's resignation

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം രണ്ടാം ദിവസവും പ്രക്ഷുബ്ധമായി. ശനിയാഴ്ച പ്രതിഷേധത്തിൽ പങ്കെടുത്ത കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

വിവിധ രാഷ്ട്രീയ, വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതി‍ഷേധം. ഡൽഹി പൊലീസ്, അർധസൈനിക വിഭാഗം എന്നിവർ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് മറികടന്ന് പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.

പ്രതിഷേധക്കാരെ തടയാൻ ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകൾ വച്ച് പൂർണമായി അടച്ചു. നിലവിൽ ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തിൽ ജന്തർ മന്തർ പരിസരത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

നിലവിൽ ഡൽഹിയിൽ‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 5000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇതിനിടെ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കാത്ത പൊലീസ് നടപടിക്കെതിരേ യൂത്ത് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ്-എൻഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ ഭാനു ചിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com