

ഖമനേയിയുടെ മരണം: ഇന്ത്യയിലും പ്രതിഷേധം, കശ്മീരിൽ സ്കൂളുകൾ അടച്ചിടും
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിനു പിന്നാലെ ഇന്ത്യയിലും പ്രതിഷേധം ഇരമ്പുന്നു. കശ്മീർ മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരെ ഷിയ വിഭാഗം തെരുവിലിറങ്ങി പ്രതിഷേധിച്ചു. യുഎസ്-ഇസ്രയേൽ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. രാജ്യത്തെ നിരവധി മുസ്ലിം സംഘടനകൾ ഒന്നിലധികം ദിവസം ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പ്രതിഷേധം നടത്താനും ചില സംഘടനകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പതിനഞ്ച് ലക്ഷം ഷിയ വിഭാഗക്കാർ ആണ് കശ്മീരിലുള്ളത്. അതു കൊണ്ടു തന്നെ കശ്മീരിൽ പ്രതിഷേധം രൂക്ഷമാണ്. ലാൽ ചൗക്ക്, സൈദ കാഡൽ, ബന്ദിപോറ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. യുഎസ്- ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നെഞ്ചിൽ ഇടിച്ചു കൊണ്ടാണ് പ്രതിഷേധകാരികൾ തെരുവുകൾ കീഴടക്കിയത്. ഇറാനിലെ സംഭവവികാസങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഒമർ അബുദുല്ല ശാന്തമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തു. പ്രതിഷേധം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കശ്മീരിലെ സ്കൂളുകളും കോളെജുകളും രണ്ടു ദിവസം അടച്ചിടും.
ഉത്തർപ്രദേശിലെ ബാരാ ഇമ്പാമ്പര മോസ്കിനു സമീപം നിരവധി പേർ മുദ്രാവാക്യവുമായി ഒത്തുകൂടി. സ്ത്രീകൾ ഖമനേയിയുടെ ചിത്രമേന്തി പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഷിയാ വിഭാഗം മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ കറുത്ത പതാകകൾ ഉയർത്തുമെന്നും വീടുകളിൽ പ്രത്യേക പ്രാർഥനകൾ നടത്തുമെന്നും ഷിയ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.