

കങ്കണ റണാവത്ത്
ഷിംല: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരേ ഹിമാചൽ പ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗാന്ധി കുടുംബത്തെ പറ്റി സോഷ‍്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവച്ചുവെന്ന പരാതിയിലാണ് നടപടി. ഷിംല സ്വദേശിയായ ക‍്യാപ്റ്റൻ അതുൽ ശർമയാണ് പരാതിക്കാരൻ. ഭാരതീയ ന‍്യായ സംഹിതയിലെ 196, 353, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നവംബർ 10ന് കങ്കണ പങ്കുവച്ച പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണങ്ങളെ പറ്റി പ്രകോപനപരമായ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാരന്‍റെ ആരോപണം. എംപിയുടെ പോസ്റ്റുകൾ സമൂഹത്തിൽ വിദ്വേഷം വളർത്താനും സമാധാന അന്തരീക്ഷം തകർക്കാനും ഇടയാക്കുമെന്നും പരാതിയിൽ പറയുന്നു. ഡിജിപിക്ക് ഇമെയിൽ മുഖേനയാണ് അതുൽ ശർമ പരാതി നൽകിയത്.
'ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു, സഞ്ജീവ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെടുന്നു... സിംഹാസനത്തിലെ എല്ലാ അവകാശികളും കൊല്ലപ്പെടുന്നു. ഒടുവിൽ സിംഹാസനത്തിൽ തുടരുന്നത് സഹതാപ തരംഗത്തിലൂടെ എത്തിയ സോണിയ ഗാന്ധിയെന്ന ഒരൊറ്റ വിദേശ വനിത മാത്രം'. ഇത്തരത്തിലായിരുന്നു കങ്കണയുടെ സോഷ‍്യൽ മീഡിയ പോസ്റ്റ്.