

രാഘവ് ഛദ്ദ
ചണ്ഡീഗഢ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി രൂപീകരിച്ച നിർണായക സമിതികളിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെ ആറ് രാജ്യസഭാംഗങ്ങൾക്കും ചുമതല. ബിജെപിയുടെ പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയിലും എഎപി സർക്കാരിനെതിരായ ആരോപണങ്ങൾ ക്രോഡീകരിക്കുന്ന കുറ്റപത്ര സമിതിയിലുമാണ് ഇവരെ ഉൾപ്പെടുത്തിയത്.
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അവിനാഷ് റായ് ഖന്നയാണ് പ്രകടനപത്രിക സമിതിയുടെ അധ്യക്ഷൻ. രാഘവ് ഛദ്ദ, വ്യവസായി രാജീന്ദർ ഗുപ്ത, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് എന്നിവരും സമിതിയിലുണ്ട്. മുൻ എംപി സുനിൽ ജാഖറാണ് കുറ്റപത്ര സമിതിയുടെ അധ്യക്ഷൻ. എഎപിയിൽ നിന്ന് ബിജെപിയിലെത്തിയ സന്ദീപ് പഥക്, അശോക് മിത്തൽ, വിക്രംജിത് സിങ് സാഹ്നി എന്നിവരും ഈ സമിതിയിൽ അംഗങ്ങളാണ്.
പഞ്ചാബ് ബിജെപി അധ്യക്ഷൻ കേവൽ സിങ് ധില്ലനാണ് സമിതികൾ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സമിതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2027 ഫെബ്രുവരിയോടെ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിരോമണി അകാലിദളുമായി വീണ്ടും സഖ്യമുണ്ടാക്കുന്നതിനുള്ള ചർച്ചകളും ബിജെപി നടത്തുന്നുണ്ട്.